ദളിത് സമുദായത്തിൽ പെട്ട രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു!
അത്രേ ഉള്ളൂ… ഇതിൽ ഇപ്പോൾ പ്രത്യേകിച്ച് വൈകാരികമായി പ്രതികരിക്കാനൊന്നും ഇല്ല!
പെണ്ണ് – അത് ലൈംഗികാസ്വാദനത്തിനുള്ള ഉപകരണവും പ്രസവിക്കാന്‍ ഉള്ള യന്ത്രവും മാത്രം ആണെന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തിയ, അങ്ങനൊരു ‘അറിവ്’ രൂഢമൂലമായി ഉറച്ചുപോയ ഒരു മത-വിശ്വാസ സമൂഹത്തിൽ പെണ്ണിന് നേരെയുള്ള ഏതൊരു ആണിന്റെ അതിക്രമവും അവന്റെ അധികാര വിനിയോഗത്തിന്റെ തലം മാത്രമായി മാത്രം കാണുന്നവരാണ് നമ്മുക്ക് ചുറ്റും മഹാഭൂരിപക്ഷവും, ആണും പെണ്ണും.
വിവാഹമോചനം ആവശ്യപ്പെട്ടാല്‍, അത് പെണ്ണാണെങ്കില്‍ അവള്‍ ‘ദുര്‍നടപ്പുകാരി’ യും അല്ല അത് ആണാണാണെങ്കില്‍ അവന്‍റെ ഭാര്യ ‘ദുര്‍നടപ്പ്’ കാരിയും ആവുന്ന ഒരു സമൂഹത്തില്‍, ‘രണ്ടെണ്ണം’ വിട്ട് ഭാര്യയെ തൊഴിക്കുന്ന നായകന്‍മാര്‍ കെെയ്യടി വാങ്ങുന്ന ഒരു പൊതുബോധത്തില്‍, എന്തിനധികം നല്ല(?) നിലയില്‍ ജീവിച്ചാല്‍ ”പെണ്ണ്”നെ കൊടുക്കാമെന്നും പെണ്ണിനെ കണ്ടാല്‍ സംഗതി(?) പോകുമെന്നും ഒക്കെ പറയുന്ന മതവിശ്വാസങ്ങള്‍ ഉള്ള നാട്ടില്‍ ഒരു ”പെണ്ണ്” സദാസമയവും ആണിന് ഉപയോഗിക്കാനൊരുങ്ങിയിരിക്കുക തന്നെ വെണം!
സോഷ്യല്‍ മീഢിയയില്‍ ഹാഷ്ടാഗ് മഹാമഹം നടത്തുന്ന പല മഹാന്‍മാരുടെയും തനിക്കൊണം കാണാന്‍ ഒരു ‘പെണ്ണ്’ ന്‍റെ ഫേക്ക് FB പ്രോഫെെലുണ്ടാക്കി ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്താല്‍ മതി. നായകനടനെ വിമര്‍ശിച്ച നടിയുടെ പ്രോഫെെലില്‍ പോയി ”അമ്മക്ക്” പറഞ്ഞവനും, യുവനടിയുടെ പ്രോഫെെലില്‍ പോയി തട്ടമിട്ടൂടേ ”പെണ്ണേ”ന്ന് ചോദിച്ചവനും, ക്ഷേത്രമുറ്റത്ത് അമ്മപ്രായമുള്ള ”പെണ്ണ്” ന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഉന്നം പിടിച്ചവനും ഒക്കെ കാണും ഈ കൂട്ടത്തില്‍!
ദളിതന്‍!
ആരാണീ ദളിതന്‍ ?
അവന്‍ കൊല്ലപ്പെട്ടാല്‍, ക്രൂശിക്കപ്പെട്ടാല്‍ ആര്‍ക്കാണിവിടെ പ്രശ്നം ?
അവന്‍ ക്രൂശിക്കപ്പെടാതിരിക്കാന്‍ ആര്‍ക്കാണിത്ര ആഗ്രഹം ?
ആര്‍ക്കും ഒന്നുമില്ല… ഒരു പ്രശ്നവുമില്ല… പ്രശ്നമാകുവാന്‍ പാടില്ല… അതാണ് ഉദ്ബുദ്ധരായ നമ്മള്‍ പഠിച്ചു വെച്ചിരിക്കുന്നത്. അത് മറക്കരുത്… എപ്പഴും ഓര്‍ത്ത് പിടിക്കണം. ദളിതനെ മനുഷ്യനായി പോലും കണക്കാക്കാത്ത തത്വസംഹിത ഉള്ള ഒരു നാട്ടില്‍, അതിപ്പോഴും ദെെവവചനം തന്നെയായി തുടരുന്ന നാട്ടില്‍ ദളിതന്‍ കൊല്ലപ്പെടുന്നതും തെരുവ് പട്ടി ചാകുന്നതും ഏതാണ്ട് ഒരു പോലെ തന്നെയാണ്. തന്നെയാവും! തന്നെയാവണം…
അല്ലാതാകുമ്പോഴാണത് മതനിന്ദ ആകുന്നത്… ദെെവനിന്ദയാകുന്നത്!
ഇതൊക്കെ കപാലത്തില്‍ പൊതിഞ്ഞ്കെട്ടി വെച്ചിരിക്കുന്നവന്‍മാരൊക്ക തന്നെയാണ് ഹാഷ്ടാഗുമായി ഇറങ്ങിയിരിക്കുന്നതും…
ദളിതനുമായുള്ള പ്രണയം മറ്റേതൊരു പ്രണയത്തേയും പോലെ പ്രണയമാവാതെ പാതകമാവുകയും ദളിതന്റെ ബണ്ണ് മോഷണം തല്ലിക്കൊല്ലാന്‍ പോന്ന കുറ്റകൃത്യമാവുന്നതും ഒന്നും തീരെ യാഥൃശ്ചികമായ കണ്ടുപിടുത്തങ്ങളല്ല!
മക്കളേ മാപ്പ്…
തെറ്റ് നിങ്ങളുടേത് മാത്രമാണ്.
നിങ്ങളിവിടെ ”പെണ്ണ്” ആയി പിറന്നു, അതും ദളിതന്റെ കുടിയിലെ ”പെണ്ണ്”.
നീ പശിയടക്കിയിരുന്നത് പച്ചമാങ്ങയും പച്ചവെള്ളവും കുടിച്ചാണെന്ന് ലോകമറിയാന്‍ ചുരുങ്ങിയ പക്ഷം നീ ചാവുക എങ്കിലും വേണം. അതും വെറുതെ ചത്താൽ പോര…
ഇങ്ങനെ ആരെങ്കിലാലുമൊക്കെ പീഡിപ്പിക്കപ്പട്ട് നരകിച്ച് ചാകണം…
ഇത് നിന്റെ വിധിയാണ്!
പടച്ചവന്‍ കാത്ത് വെച്ച വിധി!
ത്ഫൂ!