പ്രകാശം പരത്തുന്നവർ !

മാവേലി എക്സ്പ്രസ്സിലാണ്…

ഒരുപാട് നാളുകൾക്ക് ശേഷം രണ്ട് മൂന്ന് ദിവസം വീട്ടിലുള്ളവരോടൊപ്പം കഴിഞ്ഞതിന്റെ ഹാങ്ങോവർ പൂർണ്ണമായും മാറും മുൻപേ തിരികെ പുറപ്പെട്ടതാണ്. ‘കളിക്കുടുക്ക’ വാങ്ങാനാണെന്ന് കുഞ്ചുവിനോട് കള്ളം പറഞ്ഞിറങ്ങിയതിൻറെ കുറ്റബോധം രണ്ടാൾക്കും വേറെയും.

കളിയും കളർപ്പെൻസിലും കുരുത്തക്കേടുകളും ഒക്കെയായി കുഞ്ചുവിന്റടുത്തൂന്ന് തിരിച്ചിറങ്ങാൻ അശ്ശേഷം താത്പര്യമുണ്ടായിരുന്നില്ല രണ്ടാൾക്കും.
പക്ഷെ… പോകാതെ തരമില്ലല്ലോ.

മഴക്കാറ് പിടിച്ചത് കൊണ്ടാകണം നല്ല ചൂടുണ്ട്. മഴ ഒന്ന് പെയ്ത് കിട്ടിയാൽ രാത്രി സുഖായിട്ടുറങ്ങാൻ പറ്റിയേനേ. ട്രെയിൻ പുറപ്പെട്ടത് മുതൽ അച്ചുവിന്റെ മെസ്സേജുകളും കുഞ്ചുവിവിന്റെ വോയ്സ് നോട്ടുകളും വന്നുകൊണ്ടേയിരിക്കുന്നുണ്ട്. പാവത്തിന് എല്ലാം മനസ്സിലായി… താൻ പറ്റിക്കപ്പടുകയായിരുന്നു… അവൻ അവന്റെ അവസാന അയുധവും പുറത്തെടുത്ത് കഴിഞ്ഞു. കരച്ചിലാണ് പോലും… കരച്ചിലോട് കരച്ചിൽ ഞങ്ങൾ ഇപ്പോൾ തന്നെ തിരിച്ച് വരണം എന്നാണ് വോയ്സ് നോട്ടുകളിലെ ആകെ ആവശ്യം. അത് നിവൃത്തിച്ചടുക്കുന്നതിന് അവൻ അവന്റേതായ പ്രലോഭനങ്ങളും ഭീഷണികളും എല്ലാം മുന്നോട്ട് വെക്കുന്നുമുണ്ട്.

വാങ്ങിച്ച് കൊടുക്കാമെന്നേറ്റ കളിക്കുടുക്ക വേണ്ടാന്നും, ചോറുണ്ണാൻ ഞങ്ങളേം കാത്തിരിക്കുവാണെന്നും ഒക്കെ പറയുന്നുണ്ട്, നാളെ സ്കൂളിൽ പോവില്ലാന്നുള്ള ഭിഷണിയും ഉണ്ട്. ഇതിനെല്ലാമിടയിലും ഞങ്ങൾ കയറിയ വണ്ടി ഏതാന്നും… വണ്ടിയുടെ ശബ്ദം അനുകരിച്ച് അങ്ങനെയാണോ ‘ബൂ’ പോണ ‘ടെയിൻ’ * ന്റെ ഒച്ച എന്നും… നല്ല ‘ഫീഡ്’ ** ൽ ആണോ വണ്ടി പോണേന്നും ഒക്കെ ചോദിക്കുന്നുണ്ട്.

‘ബൂ’ന്റെ വണ്ടിക്ക് നല്ല ‘ഫീഡാ’ന്നും ഈടന്ന് വിട്ടാൽ ‘സുബാ പാക്ക്’ *** ന്റെ അടുത്തേ സ്റ്റോപ്പ് ഉള്ളൂന്നും ഒക്കെ പറഞ്ഞ് അവിടെ എത്തിയാൽ ഉടനെ വേറെ ടിക്കറ്റുമെടുത്ത് തിരിച്ച് വരാന്നുമൊക്കെ പറഞ്ഞ് ഉമ്മേം ഹഗ്ഗ്‌മീയും ഒക്കെ കൊടുത്ത് രാവിലെ വിളിക്കാന്നൊക്കെ പറഞ്ഞ് ചെക്കനെ ഉറങ്ങാൻ വിട്ടെങ്കിലും ഉള്ളിലെ കുറ്റബോധം പുറപ്പെടാൻ നേരം ആകാശത്ത് കണ്ട കാർമേഖങ്ങൾ പോലെ കനപ്പെട്ട് വരിക തന്നെയാണ്.

കുഞ്ചുവിന്റെ വോയ്സ് നോട്ടുകൾ; വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കെ കഴിഞ്ഞ ദിവസം അച്ചൂനയച്ച് കൊടുത്ത ആ ക്യൂട്ട് ആനിമേഷനും ഞാൻ വീണ്ടും കണ്ടു. ഇത്തവണ പക്ഷെ എന്റെ കുറ്റബോധം അതിന്റെ തനിസ്വഭാവം കാണിച്ചു. ഈറനണിഞ്ഞ കണ്ണുകൾ മറയ്ക്കാനുള്ള വൃഥാ ശ്രമം വേറാരും കണ്ടില്ലാ തോന്നുന്നു, പക്ഷെ അവളത് കണ്ടുപിടിച്ചു കളഞ്ഞു.

അല്ലേൽ തന്നെ ഞാൻ ഒരു ലോല ഹൃദയനാന്നു പറഞ്ഞുള്ള കളിയാക്കലവൾക്കൽപ്പം കൂടൂതലാണ്. ഇനി ഇതും കൂടിയാവണ്ടാന്ന് വിചാരിച്ചാണ് പെട്ടന്ന് തന്നെ ഞാൻ ചോറ് പൊതി എടുത്ത് തുറന്നത്.

പുറത്ത് മഴ ചാറിത്തുടങ്ങിയിരുന്നു. അമ്മേടെ സ്പെഷ്യൽ പുളിശ്ശേരീം കയ്പ്പക്ക ഉപ്പേരീം അച്ഛന്റെ ടേസ്റ്റീ പോർക്ക് ഫ്രെെയും ഒക്കെ ആയി ഊണ് കുശാലായി. നെയ്യ് വറ്റിച്ച് തേങ്ങാക്കൊത്തൊക്കെ ഇട്ട ‘പന്നി’ ന്റെ ഗുട്ടൻസ് അടുത്ത പ്രാവശ്യം വരുമ്പോൾ അച്ഛനോട് ചോദിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. എത്ര ചോദിച്ചു മനസ്സിലാക്കിയാലും എന്റെ പുളിശ്ശേരി അമ്മേടെതിന്റെ അത്ര ആവുന്നില്ലാന്നാരുന്നു അവൾടെ പരാതി. അല്ലേലും അവൾ എപ്പഴും ഒരു പരാതിപ്പെട്ടിയാണ്. നിസ്സാരകാര്യം മതി അവൾക്ക് പരാതിക്ക്. ഇന്ന് തന്നെ കുഞ്ചൂനെ കരയിപ്പിച്ചത് ഞാനാന്നാ അവൾടെ ഭാവം.

അവൾ പറയുന്നതിലും കാര്യമില്ലാതില്ല. ദൃതിപ്പട്ട് പോകാനിറങ്ങുന്നതിനിടയിൽ എപ്പോഴോ വന്നിട്ട് അവൻ

”ബൂ… ഞാനും വന്നോട്ടാ” ന്ന് ചോദിച്ചിരുന്നുപോലും.

അച്ഛനും അവളും കൂടി അവനെ കൊച്ചീടെ പേര് പറഞ്ഞ് കളിപ്പിച്ചതൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്റെ ”ഉം” എന്ന മൂളൽ അവന് കൊടുത്തത് ചില്ലറ പ്രതീക്ഷകളൊന്നുമായിരുന്നില്ല.

അവൻ അങ്ങനെയാണ് ‘ബൂ’ പറഞ്ഞാൽ അവനത് അവസാന വാക്കാണ്.

51 അക്ഷരം മര്യാദയ്ക്ക് പഠിക്കാത്ത ചെക്കനെ ”നാസ്തികൻ” (അർത്ഥം അറിയില്ലെങ്കിലും) എന്ന വാക്ക് പഠിപ്പിച്ചത് ‘ബൂ’ ആണ്.

മോബെെലിൽ ”Okey Google” എന്ന് പറഞ്ഞാൽ അത് തിരിച്ചും പറയും എന്നവനെ പഠിപ്പിച്ചതും ബൂ ആണ്.

ടീച്ചർ ‘മരപ്പാന്തൻ’**** ഗാന്ധിജിയെ കൊന്ന കാര്യം പഠിപ്പിച്ചത് പറയാൻ അവൻ ഓടി വന്നതും ബൂന്റെ അടുത്തേക്കാണ്. പുറത്ത് ആർത്തിരമ്പുന്ന മഴ മുഴുവനായി അടയ്ക്കാത്ത ജനലിൽ കൂടി ഉള്ളിലോട്ട് ചാറുന്നുണ്ട്… തല പെരുത്ത് കയറുന്ന ചിന്തകൾ… തകർത്തുപെയ്യുന്ന മഴ… നനവേറുന്നുണ്ട്… മണ്ണിലും മനസ്സിലും …

”അച്ഛാ അച്ഛാ”

തുടർച്ചയായുള്ള അച്ഛാ അച്ഛാ വിളികളാണ് എന്നെ തിരികെ ഞാനിരുന്നിടത്തേക്കെത്തിച്ചത്. ലാസ്റ്റ് സ്റ്റേഷനിൽ നിന്നും കയറിയ ഒരു ഫാമിലിയാണ്. അച്ഛനും അമ്മയും മൂന്ന് മക്കളും. ചെറിയ കുട്ടിക്ക് ഏതാണ്ട് എന്റെ കുഞ്ചൂന്റെ പ്രായം വരും. ഏറ്റവും മൂത്തത് ഒരു പെൺകുട്ടിയായിരുന്നു, ഏതാണ്ട് നാലിലോ അഞ്ചിലോ പഠിക്കുന്ന പ്രായം. തൊട്ടടുത്തിരുന്ന രണ്ട് പേർ ഫുഡ് കഴിക്കാനുള്ള തത്രപ്പാടിലാണെന്ന് തോന്നുന്നു. ഫോൾ ഡബിൾ ഫുഡ് ടേബിൾ ഞങ്ങളുടെ മുന്നിലായിരുന്നു. ഫുഡ് ടേബിൾ അവർക്ക് വിട്ടുകൊടുത്ത് ഞങ്ങൾ പുതുതായി കയറിയ ഫാമിലിയുടെ അടുത്തേക്ക് മാറിയിരുന്നു.

എന്തോ ദൂരയാത്ര കഴിഞ്ഞു വരികയാണെന്ന് തോന്നുന്നു. അമ്മയ്ക്ക് ഏതാണ്ട് 35-36 വയസ്സ് തോന്നും. കുലസ്ത്രീ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. യാത്രയുടെയാണെന്ന് തോന്നുന്നു മൊത്തത്തിൽ കുറച്ച് ക്ഷീണിതയായി തോന്നി. അച്ഛൻ മക്കളെ ഓരോരാളെയും മാറി മാറി തൊട്ടടുത്ത ബർത്തിലേക്ക് കയറ്റിക്കൊണ്ടിരിക്കുകയാണ്. ആൺപിള്ളേർ രണ്ട് പേരും ഇരുന്ന് എന്തോ കൊറിക്കുന്നുണ്ട്. പെൺകുട്ടി അമ്മയെ ചുറ്റിപറ്റി ഇരിപ്പുണ്ട്. മക്കൾ അച്ഛനുമായി സംസാരിക്കുകയാണ്. അച്ഛന്റെ മറുപടികൾ പതിയെയാണെങ്കിലും കുട്ടികളുടെ ചോദ്യങ്ങൾ വളരെ ഉച്ചത്തിലാണ്. ടിടിആർ മാമൻ ഇടയ്ക്ക് വന്ന് എന്തോ കുശലം പറഞ്ഞ് തിരിച്ച് പോയി. പിള്ളേർ നിർത്തുന്നില്ല കല പില കല പില തന്നെയാണ്. പക്ഷെ രസമുണ്ട്. കുഞ്ചുവിനെ ഇട്ടിട്ടു വന്നതിൽ ഉള്ള സങ്കടം എന്തോ മനസ്സിൽ നിന്നും പോയി. എന്റെ ശ്രദ്ധ പരിപൂർണ്ണമായും കുട്ടികളിലായി.

ആൺപിള്ളേർ രണ്ടും താഴെയിറങ്ങി. അച്ഛനും ചേച്ചിയുമായി എന്തോ കളിയാണ്. അച്ഛൻ എന്തോ ക്ലൂ പറയും മക്കൾ അത് പറയണം. ഭക്ഷണസാധനങ്ങളാണ്… ബിരിയാണി, ചായ, കേക്ക് എന്നൊക്ക ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. ഇപ്പോൾ അമ്മയും കൂടെ കൂടിയിട്ടുണ്ട്. 5 പേരും വളരെ സജീവമായി കളിയിൽ ആണ്…

ഇളയ പിള്ളേർ രണ്ടുപേരും അച്ഛന്റെയും അമ്മയുടെയും മടിത്തട്ടിലേക്ക് ചാടിക്കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. കണ്ടാൽ തന്നെ അറിയാം ബുദ്ധിമുട്ടായിരിക്കും പക്ഷെ അവരതൊന്നും മൈൻഡ് ചെയ്യുന്നേയില്ല… ക്ഷീണിതയായി കണ്ട അമ്മ പോലും ഇപ്പോൾ കളിയിൽ മുഴുകിയിരിപ്പാണ്

കളി അതിന്റെ ഉച്ഛസ്ഥായിയിൽ എത്തിയപ്പോഴെക്കും അവർക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയിരുന്നു. അവിടെ ഇരുന്ന അത്രേം നേരവും എന്നെ ശ്രദ്ധിക്കാതിരുന്ന കുട്ടികൾ പോകാൻ നേരം

”Uncle Bye”

എന്നൊക്ക പറഞ്ഞാണ് പോയത്.

ഞാൻ ആലോചിക്കുകയായിരുന്നു…

ആരുടെയോ, എവിടുന്നോ വന്ന ഈ കുട്ടികൾ എത്ര പെട്ടന്നാണ് എന്റെ സങ്കടം മാറ്റിയെടുത്തത്…. എന്റെ മൂഡ് ആകെ മാറ്റിയത് …

ഞാനടക്കം അവിടെ ഉണ്ടായിരുന്നവരുടെ ഒക്കെ മനസ്സിലേക്ക് സന്തോഷത്തിന്റെ ഒരു നനുത്ത വെട്ടം കീറിയിട്ടത്…

ഒരു പക്ഷെ ഇത് തന്നെയായിരിക്കില്ലേ… ഈ സന്തോഷം തന്നെയായിരിക്കില്ലേ ഓരോരുത്തരെയും കുഞ്ഞുങ്ങളിലേക്ക് … കുടുംബങ്ങളിലേക്ക്… ആർദ്രതയോടെ ചേർത്ത് വെയ്ക്കുന്നത്!

#################################################################

****സോഷ്യൽ മീഡിയയിൽ എവിടെ നിന്നോ ഷെയർ ചെയ്തു കിട്ടിയ ആ അനിമേഷനും ഇവിടെ ഷെയർ ചെയ്യുന്നു

* ട്രെയിൻ
** സ്പീഡ്
*** സുഭാഷ് പാർക്ക്, കൊച്ചി
**** മതഭ്രാന്തൻ

Image courtesy – Google
Animation courtesy – social media

2 comments On പ്രകാശം പരത്തുന്നവർ !

Leave a reply:

Your email address will not be published.

Site Footer