വീടിനു മുന്നിൽ ഓട്ടോ വന്നു നിന്നതും അവൾ ഇറങ്ങി ഓടി…
മുറിയിലെത്തി കട്ടിലിൽ ഫ്രീലി സസ്‌പെൻഡഡ് ബോഡി പോലെ ഒറ്റ വീഴ്ചയായിരുന്നു. അടുക്കളയുടെ അടുപ്പക്കാരിയായ അമ്മ അത്താഴത്തിനു തയ്യാറാക്കി കൊണ്ടിരുന്ന കറിയുടെ പണി പകുതി വഴിക്കിട്ടു മകളുടെ പിന്നാലെ പാഞ്ഞു, എന്തുപറ്റി എന്ന് ആരാഞ്ഞു.
ചുട്ടുപൊള്ളുന്ന സിമെന്റ് തറയിൽ വീണ മണ്ണിരയെ പോലെ, ശരീരം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് അവൾ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചു.
മുഴുത്ത തക്കാളിയിൽ നിന്ന് ചീഞ്ഞ വെണ്ടയ്ക്കയായി പരിണമിച്ചിരിക്കുന്ന മകളുടെ ശരീരത്തേക്കു നോക്കി ‘അമ്മ നെടുവീർപ്പിട്ടു.
രുചി നശിച്ച നാക്കു അവൾക്കൊരു ശാപമായി തോന്നി. ചോറും കറിയും ഉപ്പേരിയുമെല്ലാം അവൾ ഒരേ രുചിയിൽ കഴിച്ചു തൃപ്തിപ്പെട്ടു.
ഒഹ്ഹ് കഴിച്ചു തീർന്നില്ല അതിനുമുൻപേ പോയി.
കഴിച്ചതെല്ലാം ഛർദിയായും മലമായും രണ്ടു വഴിക്ക്…
മകളുടെ ആമാശയം ആഹാരത്തോട് കാണിക്കുന്ന അകൽച്ച മാതാപിതാക്കളുടെ അത്താഴം മുടക്കി.
അലാറം നേരം വെളുപ്പിക്കുന്നതും കാത്തു തലയിണയുടെ ഒരു തലക്കൽ പാതിമുഖം ചേർത്തുവച്ചു അച്ഛൻ തൻ്റെ മകളെ നോക്കി കൊണ്ട് കിടന്നു.
പതിവ് പോലെ ആ പ്രഭാതത്തിലും അമ്മ തൻ്റെ മക്കളുടെ ടിഫിൻ ബോക്സിൻറെയും അച്ഛന്റെ വിതൗട് ചായയുടെയും പിന്നാലെ… പക്ഷെ ഇത്തവണ കുറച്ചു ധൃതിപ്പെട്ടായിരുന്നു…
ബസ് യാത്രയിലെ അസൗകര്യം മാനിച്ചു ഓട്ടോയിൽ ആശുപതിയിലേക്കു പുറപ്പെട്ടു. കുണ്ടും കുഴിയും പൂക്കളം തീർത്ത നിരത്തിലൂടെ കുലുങ്ങി കുലുങ്ങി വണ്ടി നീങ്ങി. കുലുക്കത്തിന്റെ ആഗാത്തതിൽ ആന്തരികാവയവങ്ങൾ സ്ഥാനം തെറ്റി കിടക്കുമോ എന്ന അനാവശ്യ ചിന്ത യാത്രയിൽ ഉടനീളം അവളെ അലട്ടി. ഒടുവിൽ ആശുപത്രി വളപ്പിൽ എത്തി. ആശ്വാസം !!
104 ആം നമ്പർ മുറിയുടെ വാതിൽ അവർക്കു മുന്നിൽ തുറക്കപ്പെട്ടു. ഡോക്ടർ വന്നു, ഏറെ നേരത്തെ പരിശോധനയ്ക്കു ശേഷം രോഗത്തിന് പേരും ഇട്ടു,
ഇന്റസ്റ്റൈൻ ഇൻഫെക്ഷൻ
മാലാഖമാരെ പോലെ നഴ്‌സ്‌മാർ ആ മുറിയിൽ സദാസമയം പാറിനടന്നു. ഇംഗ്ലീഷ് മരുന്നുകളുടെ കയ്പ്പ് രുചി അവളെ ചൊടിപ്പിച്ചു.
ഗ്ളൂക്കോസ് കുപ്പികളുടേ എണ്ണം കൂടി കൂടി വന്നു ഒപ്പം അച്ഛന്റെ കീശയിലെ നോട്ടുകെട്ടിൻറെ ഭാരം കുറഞ്ഞും…
ദിവസങ്ങൾ അങ്ങനെ മുന്നോട്ടു മുന്നോട്ടു തന്നെ. ബന്ധുക്കളും സുഹൃത്തുക്കളും മുച്ചക്ര വാഹനത്തിലും ഇരുചക്ര വാഹനത്തിലുമായി ആശുപത്രി വളപ്പിൽ ഇരമ്പി കയറി. പലവര്ണങ്ങളിലുള്ള ഫലവർഗങ്ങൾ കൊണ്ടുവരാനും ആശ്വാസ വാക്ക് പറഞ്ഞു സാന്ത്വന പെടുത്താനും അവർ മത്സരിച്ചു. ലോക്കൽ, നാഷണൽ, ഇന്റർനാഷണൽ കോളുകൾ കണക്ഷൻ കിട്ടാൻ അടിപിടികൂടി.
ഒടുവിൽ അഞ്ചാം ദിനം, സായാഹ്നം അവിടുത്തെ പൊറുതിക്ക് അറുതിയായി. ആശ്വാസത്തിന്റെ നെടുവീർപ്പോടെ, തൻ്റെ മാലാഖമാരോട് യാത്ര പറഞ്ഞു അവൾ അച്ഛനൊപ്പം ആശുപത്രി പടി ഇറങ്ങി.
ഇനി ഒരിക്കലും തിരിച്ചു വരേണ്ടി വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..!