ഒരു പത്ത് പതിനെട്ട് വർഷം മുൻപത്തെ കഥയാണ്.
ഞാൻ അന്ന് പത്താം ക്ലാസ്സിലാണ്, സുപ്രധാനമെന്ന് (?) വിശേഷിപ്പിക്കപ്പെടുന്ന SSLC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി. ഇന്നത്തെ പോലെ അത്ര relaxed ആയല്ല അന്നത്തെ പരീക്ഷാ അവസ്ഥകൾ…
സമീപത്തുള്ള പത്താം ക്ലാസ്സുകാരുടെയൊക്കെ സകല വിവരങ്ങളും നാട്ടിലുള്ള എല്ലാവർക്കും അറിയാം. പരീക്ഷയിൽ ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രധാന ടെൻഷൻ; നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഓരോരുത്തർക്കും തൃപ്‌തമായ മറുപടി കൊടുക്കലാണ്.
അതുകൊണ്ടു തന്നെ sslc പരീക്ഷ കുട്ടികൾക്ക് നൽകുന്ന മാനസിക സമ്മർദ്ദം ചെറുതായിരുന്നില്ല. ഇന്നത്തെ പോലെ മുട്ടിനു മുട്ടിനു ട്യൂഷൻ സെന്ററുകളോ ഓൺലൈൻ സൗകര്യങ്ങളോ ഒന്നുമില്ലെങ്കിലും, അത്യാവശ്യം ചില വീടുകളിലെ കുട്ടികൾക്കെങ്കിലും ട്യൂഷൻ ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ നേരം വെളുക്കുമ്പഴേ എഴുന്നേറ്റുള്ള പഠനവും രാവിലെയും വൈകുന്നേരവും ഉള്ള സ്പെഷ്യൽ ക്ലാസും ഒക്കെ ആയി മുൻപോട്ടു പോയിക്കൊണ്ടിരിക്കവേ ആണ്, ഏവരുടെയും മനസ്സിലേക്ക് ഇടിത്തീ പോലെ ആ വാർത്ത വരുന്നത്.
അധ്യാപകർ പണി മുടക്കു പ്രഖ്യാപിച്ചിരിക്കുന്നു!
ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിൽ ആയേക്കാവുന്ന ഒരു സമരം. ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അധ്യാപകരും സമരത്തിൽ ഉണ്ട് എന്നത് കൊണ്ട് തന്നെ ഇത് എന്തോ വലിയ പ്രശ്നം ആയതിനാലുള്ള സമരം ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.
സമരത്തിന്റെ കൂടുതൽ കാര്യങ്ങൾ അറിയാൻ നാട്ടിലെ പൊതുപ്രവർത്തകരായ ചില ആളുകളോടോക്കെ ചോദിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു. എല്ലാം ഒന്നും മനസ്സിലായില്ലെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ മനസ്സിലായി.
സർക്കാർ എന്തോ ഉത്തരവിറക്കിയിരിക്കുവാണ്, ഇനി മുതൽ അധ്യാപകർക്ക് സർക്കാർ ഉദ്യോഗസ്ഥൻ എന്നതിന്റെ ഗുണഫലങ്ങൾ ഒന്നും കിട്ടില്ല!
അപ്പോൾ പിന്നെ സമരം ചെയ്യുന്ന അധ്യാപകരെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല, സഹിക്കുക തന്നെ. ഇന്നല്ലെങ്കിൽ നാളെ സമരം തീരുമല്ലോ!
പരീക്ഷയും നടക്കും!
അങ്ങനെ കരുതി സമാധാനിക്കാം എന്ന് കരുതിയതാണെങ്കിലും പക്ഷെ സമരം തീർന്നില്ല…
അനിശ്ചിത കാലം തുടർന്നു….
അന്ന് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല എങ്കിലും പിന്നീട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവും തോന്നിയ അധ്യാപകരിൽ ഒരാളായിരുന്നു മോഹനൻ മാഷ്. 10D ക്ലാസ്സിന്റെ ക്‌ളാസ്സ് മാഷായിരുന്ന സോഷ്യലും ഇംഗ്ലീഷ് സെക്കന്റ് പേപ്പറും ഒക്കെ പഠിപ്പിച്ചിരുന്ന മോഹന സുന്ദരൻ മാഷ്.
A,B,C,D എന്നിങ്ങനെ നാല് ഡിവിഷനുകളിലായി കിടന്നിരുന്ന ഞങ്ങൾ മാഷിന്റെ ശിഷ്യന്മാരെ ഒക്കെ മാഷ് ഒരു ദിവസം മാഷിന്റെ വീട്ടിലേക്കു ക്ഷണിച്ചു. അങ്ങനെ രാവിലെതന്നെ ഞങ്ങൾ കുളിച്ചു റെഡി ആയി മാഷ് പറഞ്ഞ വീട്ടിൽ എത്തി, മാഷിന്റെ വീടായിരുന്നില്ല അത് മാഷിന്റെ സുഹൃത്തും നമ്മുടെ സ്കൂളിലെ തന്നെ മലയാളം മാഷ് കൂടിയായ സോമൻ മാഷിന്റെ വീടായിരുന്നു.
വരുമെന്ന് പറഞ്ഞ ഏതാണ്ട് എല്ലാവരും എത്തിയപ്പോൾ മാഷ് വളരെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു തന്നു എന്തിനാണ് മാഷടക്കം ഉള്ളവർ സമരം ചെയ്യുന്നത് എന്ന്. ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാകും വിധം.
കൂട്ടത്തിൽ ഒന്ന് കൂടി പറഞ്ഞു മാഷ്…
“മക്കളെ നിങ്ങളോടല്ല ഞങ്ങൾ സമരം ചെയ്യുന്നത്”
തുടർന്നുള്ള ഒന്നൊന്നര മാസം ഞങ്ങളുടെ സ്കൂൾ സോമൻ മാഷിന്റെ വീട്ടിലായിരുന്നു!
മോഹനൻ മാഷും സോമൻ മാഷും പിന്നെ അവരെ കൊണ്ട് സമീപിക്കാൻ കഴിയുന്ന അധ്യാപകരെ ഒക്കെ സമീപിച്ചു അവരൊക്കെ ചേർന്ന് ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു…
സമരമെന്ന ഇടിത്തീ കൂടുതൽ ഏൽക്കാതെ തന്നെ മിക്കവാറും പേരും പരീക്ഷയുമെഴുതി
പറഞ്ഞു വന്നത് മറ്റൊന്നുമല്ല…
അന്നവർ ചെയ്തതിന്റെ മഹത്വം ഒക്കെ മനസ്സിലാകുന്നത് ഇന്നാണ്.
ശമ്പളം ഇല്ലാതെ സമരം ചെയ്തോണ്ടിരിക്കുന്ന സമയത്തു പോലും സ്വന്തം വിദ്യാർത്ഥികളുടെ ഭാവി ഭദ്രമാക്കാൻ അവർ നടത്തിയ ഇടപെടൽ വളരെ വലുതായിരുന്നു… മഹത്തരമായിരുന്നു…
ഇന്നിപ്പോൾ ഇതാ ലോകമാകെ ഒരു മഹാമാരിയെ നേരിടുമ്പോൾ ഇവിടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു പറ്റം അധ്യാപകർ, സമൂഹ നിർമ്മിതിയിൽ പങ്കു കൊള്ളേണ്ടവർ, അടുത്ത തലമുറ മാതൃകയാക്കേണ്ടവർ നാടിനൊരാപത്ത് വരുമ്പോൾ സഹായിക്കേണ്ടവർ തിരിഞ്ഞു കൊത്തുകയാണ്.
പ്രതിഷേധിക്കാൻ പാടില്ലേ ?
ഇത് ജനാധിപത്യ രാജ്യമല്ലേ ?
ഇവിടെ ശമ്പളം വാങ്ങലും പ്രതിഷേധിക്കലും എല്ലാം എന്റെ അവകാശമല്ലേ ?
ശരിയാണ് എല്ലാം നിങ്ങളുടെ (നമ്മുടെ) അവകാശങ്ങളാണ്.
പക്ഷെ കഴിഞ്ഞ ഒരു മാസക്കാലമായി എന്റെയും നിങ്ങളുടെയും ഏറ്റവും അടിസ്ഥാന അവകാശങ്ങളിൽ ഒന്നായ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാൻ ആവുന്നുണ്ടോ എനിക്കും നിങ്ങൾക്കും ?
അതിനെതിരെയും ഒരു കേസ് കൊടുത്താലോ നമ്മുക്ക് ?
എന്തെ, വേണ്ടല്ലേ ?
ഇവിടെ ജോലിയും കൂലിയും ജീവിതവുമില്ലാതെ പതിനായിരങ്ങൾ മോളിലോട്ടു നോക്കിയിരിക്കുകയാണ്. അപ്പോഴാണ് സർക്കാരുകളുടെ സഹായത്താൽ നമ്മുടെ ഏവരുടെയും സഹായത്താൽ ജോലിയും കൂലിയും മണിമാളികയും എല്ലാം സ്വന്തം ആക്കിയ ഒരു വർഗ്ഗം സ്വന്തം തൊഴിലും അതിന്റെ മഹത്വവും മറന്ന് സ്വയം തൊഴുത്തിൽ കുത്തികളാകുന്നത്!
ഹ കഷ്ടം… എന്നല്ലാതെ എന്ത് പറയാൻ!
PS : അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഏറെ ബഹുമാനപ്പെട്ട അതിലേറെ സ്നേഹം നിറഞ്ഞ മോഹനൻ മാഷിനെ ആദരവോടെ ഓർക്കുന്നു!
ഒരുപിടി അശ്രുപുഷ്പങ്ങൾ 😢