SPC യൂണിഫോം ഉത്തരവ് വിവാദമാക്കണോ ?

SPC Cadets Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റിനകത്ത് ഹിജാബ് അനുവദിക്കാനാവില്ല എന്ന് പറഞ്ഞുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് വിവിധ കോണുകളിൽ “സർക്കാർ ഉത്തരവ് ശരിയായില്ല”, “മുസ്‌ലീങ്ങളോടുള്ള വിവേചനമാണ്” എന്നൊക്കെ പറഞ്ഞു ചിലയാളുകൾ മുന്നോട്ടു വരുന്നത് കാണുന്നുണ്ട്. തികച്ചും തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനങ്ങളുമായി, ആളുകളെ വർഗ്ഗീയവത്കരിക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന ചില സാമൂഹ്യ ദ്രോഹികളെയും കാണാൻ കഴിയുന്നുണ്ട്.

ചിലരുടെ ഒക്കെ പ്രസ്താവനകൾ കണ്ടാൽ തോന്നുക ഒരു സുപ്രഭാതത്തിൽ സർക്കാർ “SPCക്ക് ഇനി മുതൽ ഹിജാബ് പാടില്ല” എന്ന് ഒരു ഉത്തരവിറക്കി എന്നാണ്. എന്നാൽ യഥാർത്ഥ്യം അതാണോ ? അല്ല. SPC അഥവാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നിലവിൽ ഒരു യൂണിഫോം ഉണ്ട്. ആ യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവ് ഡ്രെസ്സും ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാർത്ഥിനി കോടതിയെ സമീപിക്കുന്നു. കോടതി ആ ഹരജി തള്ളി; പരാതിക്കാരിയോട് ഈ ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടൂ. അതിൻപ്രകാരം സർക്കാർ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ ഈ വിവാദമാക്കിക്കൊണ്ടിരിക്കുന്നത്.

ഈ ഉത്തരവ് വിവാദമാക്കേണ്ടതല്ലെന്ന് മാത്രമല്ല, എങ്ങനെയായിരിക്കണം ഒരു മതേതര-പുരോഗമന സർക്കാരിന്റെ ദിശാബോധം എന്നത് സംബന്ധിച്ചുള്ള കൃത്യതക്കൊരു കയ്യടി കൂടി അർഹിക്കുന്നുണ്ട്.

ഇത് സംബന്ധിച്ചുയർന്നുവരുന്ന വാദഗതികൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഈ ഉത്തരവ് മുസ്ളീം കുട്ടികളെ മാറ്റി നിർത്തുന്നതാണ്; ഒട്ടും ഇൻക്ലൂസീവ് അല്ല

തെറ്റ്, ഇന്നലെ വരെ SPC എന്നാൽ ഹിജാബ് ധരിച്ച കുട്ടികളും കൂടി ഉൾപ്പെടുന്ന ഒരു സംവിധാനം ആയിരുന്നില്ല. SPC യൂണിഫോം ധരിച്ച കുട്ടികൾ മാത്രം ഉൾപ്പെടുന്ന ഒരു സംവിധാനം ആണ് SPC. ഇന്നലെ വരെ ഈ സംവിധാനത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഒക്കെ നാളെയും ഈ സംവിധാനത്തിൽ തന്നെ ഉണ്ടാവും. ഏതെങ്കിലും മത-ആചാര-വിശ്വാസ ജീവിയോട് ഇതിൽ ചേരേണ്ടതില്ല എന്ന് പറയാത്തിടത്തോളം കാലം ഈ ഉത്തരവ് ഇൻക്ലൂസീവ് ആണ്. “ഹിജാബ് ധരിക്കാൻ പറ്റുമോ” എന്ന് ചോദിച്ചാൽ “ഹിജാബ് ധരിക്കാൻ പറ്റില്ല” എന്നെ മറുപടി കിട്ടൂ. “വള്ളിട്രൗസർ ധരിക്കാൻ പറ്റുമോ” എന്നായിരുന്നു ചോദ്യമെങ്കിൽ “വള്ളിട്രൗസർ ധരിക്കാൻ പറ്റില്ല” എന്ന് മറുപടി കിട്ടിയേനെ.

2. ഈ ഉത്തരവ് ഭരണഘടന വിരുദ്ധമാണ്.

ആർട്ടിക്കിൾ 14,25 ഇവയുടെ ലംഘനമാണ് ഈ ഉത്തരവ് എന്നുള്ളതും തെറ്റാണ്. ഈ ഉത്തരവ് ഏതെങ്കിലും പൗരനെ/പൗരയെ തുല്യരല്ലതായി കാണുന്നില്ല, അവരുടെ മതം പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും തടയുന്നില്ല.

Student Police Cadet എന്ന് പറയുന്നത് ഹൈസ്കൂൾ വിദ്യാർത്ഥികളെ നിയമം, അച്ചടക്കം, പൗരബോധം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി ഭാവിയിലെ നല്ല പൗരബോധമുള്ള, നേതൃശേഷിയും സഹാനുഭൂതിയുമുള്ള പൗരന്മാരാക്കി കൊണ്ടുവരാനും അത് വഴി സാമൂഹ്യ തിന്മകളെ കാലക്രമത്തിൽ ഇല്ലാതാക്കാനും വേണ്ടി ഉദ്ദേശിച്ചുള്ള ഒരു സ്കൂളുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംരംഭമാണ്. നിയമവും അച്ചടക്കവും അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ നിർദിഷ്ട യൂണിഫോമിൽ ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവർത്തിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിൽ നിർബന്ധിതമല്ലാത്ത ഒരു പാഠ്യേതര സംഘടന എന്ന നിലയിൽ അതിൽ ചേരുന്ന എല്ലാവരോടും ഒരേ യൂണിഫോം ധരിക്കണം എന്ന് പറയുന്നത് ഏത് അർത്ഥത്തിൽ ആണ് വിവേചനം ആകുക.

ഒരു സംഘടനാ സംവിധാനത്തിൽ “യൂണിഫോം” എന്നത് കൊണ്ടർത്ഥമാക്കുന്നത് ഒരേ രൂപത്തിലും ഭാവത്തിലും ഉള്ള വേഷവിധാനം എന്നാണ്. ആ വേഷവിധാനത്തിലേക്കു ഓരോരുത്തരും അവരവരുടെ മതപരമായ, വിശ്വാസപരമായ കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്താൽ അത് പിന്നെങ്ങിനെയാണ് “യൂണിഫോം” ആയി നിലനിൽക്കുക ?

കേരളത്തിൽ, മലയാളികൾക്കിടയിൽ മതങ്ങളുടെ എണ്ണം ക്ലിപ്തമാണെങ്കിലും വിശ്വാസ പ്രമാണങ്ങളുടെ എണ്ണം ക്ലിപ്‌തമല്ല. ഹിന്ദു മതവിശ്വാസികളുടെ ഇടയിൽ തന്നെ വിശ്വാസത്തിന്റെ ഭാഗമായി വ്യത്യസ്‌ഥ വേഷമിടുന്നവരുണ്ട്. ക്രിസ്തുമത മതവിശ്വാസികളുടെ ഇടയിൽ തന്നെ വിശ്വാസത്തിന്റെ ഭാഗമായി വിവിധതരം വസ്ത്രങ്ങൾ ഇടുന്നവരുണ്ട്. ഇസ്ലാം മത മതവിശ്വാസികളുടെ ഇടയിലും വിശ്വാസത്തിന്റെ ഭാഗമായി പല തരത്തിൽ വേഷം ചെയ്യുന്നവരുണ്ട്. മതവിശ്വാസം ഒന്നാണെങ്കിലും വേഷവിധാനം വ്യത്യസ്തമാവുന്നത് നമ്മുക്കെല്ലാം അറിവുള്ളതുമാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനു യോജിച്ച രീതിയിലെ വസ്ത്രം ധരിക്കൂ എന്ന് വന്നാൽ പിന്നെ എങ്ങിനെയാണ് “യൂണിഫോം” പിന്തുടരാൻ ആവുക ?

3. ഈ ഉത്തരവ് ഒരു മതേതരമല്ല.

എല്ലാ സർക്കാർ സംവിധാനങ്ങളിലേക്കും യാതൊരുതരത്തിലും പുരോഗമനപരമല്ലാത്ത മതങ്ങളും വിശ്വാസങ്ങളും കുത്തിയിറക്കി മുന്നോട്ടു പോകുന്നതിനെ ആണോ മതേതരം എന്ന് പറയുന്നത് ? മതേതരമാക്കാൻ ഇന്നലെ വരെ മത ചിഹ്നങ്ങൾ കണ്ടിട്ടില്ലാത്ത സംവിധാനങ്ങളിലും മതം കുത്തിയിറക്കണോ ?

യഥാസ്ഥിതിക-മത-വിശ്വാസ സംബന്ധിയായ നടപ്പുരീതികൾ മാറ്റിയെടുക്കുക കുറേക്കൂടി ശാസ്ത്രീയമായ മനോവൃത്തിയിലേക്ക് പൗരന്മാരെ കൈ പിടിച്ചു നടത്തുക എന്നുള്ളതാവണം ഒരു സർക്കാരിന്റെ സമീപനം. അല്ലാതെ വോട്ട് കിട്ടാൻ അധികാരമേറ്റയുടൻ അമ്പലവും പള്ളിയും കെട്ടാൻ ഇറങ്ങിപ്പുറപ്പെടുകയല്ല ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി ഭരണചുമതലയിലെത്തിയ ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ചെയ്യേണ്ടത്.
ആ ഒരു നിലവാരത്തിൽ ആണ് ഈ ഉത്തരവ് കയ്യടി അർഹിക്കുന്നത്.

4. ഇന്ത്യൻ സൈന്യത്തിൽ മതവിശ്വാസത്തിനനുസരിച്ചുള്ള റെജിമെന്റുകൾ പോലും ഉണ്ട്. പിന്നെ എന്തെ കേരള സർക്കാരിന് മാത്രം ഒരു പ്രശ്നം ?

ഇന്ത്യൻ ഭരണഘടനാ 51Ah പ്രകാരം മതവും ജാതിയും പിന്നിൽ വെച്ച് ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണ ത്വര എന്നിവ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ഓരോ പൌരന്റെയും കടമയാണ് . തീർച്ചയായും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കും അതൊരു വലിയ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ ഒക്കെ അങ്ങനെയാണെന്നിരിക്കെ പണ്ടെങ്ങോ രൂപീകരിച്ച സൈന്യത്തിന്റെ ഏതെങ്കിലും തലത്തിലോ റെജിമെന്റിലോ മതചിഹ്നം ഉണ്ട് അതുകൊണ്ടു കാലാകാലം അത് തുടർന്ന് കൊണ്ട് പോകണം എന്ന് മാത്രമല്ല ഇന്ന് പുതുതായി തുടങ്ങുന്ന സംവിധാനത്തിലും മതചിഹ്നം നിലനിർത്താൻ നിയമം വെക്കണം എന്ന് നിലവിളിക്കുന്നത് എത്ര ബുദ്ധിശൂന്യമാണ്‌. പണ്ട് ‘ഞാൻ’ മണ്ണ് വാരി തിന്നിട്ടുണ്ട്, അതുകൊണ്ട് ഇന്നും ആളുകളെ മണ്ണ് വാരി തിന്നാൻ അനുവദിക്കണം എന്ന് പറയുന്ന പോലെ എത്ര അപരിഷ്‌കൃതമാണത്.

മതം മാത്രം തലയിൽ ഏറി നടക്കുന്ന സമൂഹം മാത്രമായി നിലനിന്നാൽ മതി മലയാളികൾ എന്നാർക്കാണിത്ര നിർബന്ധം ?

5. ഹിജാബ് അനുവദിക്കാത്തത് ഇസ്ലാമോഫോബിയയുടെ ഭാഗമാണ് അല്ലാതെ പുരോഗമനം അല്ല

“ഇസ്ലാമോഫോബിയ” ഇട്ടാൽ പിന്നെ എന്തും കേരളത്തിൽ വിറ്റുപോകും എന്ന് വിചാരിക്കുന്ന കുറെ വർഗ്ഗീയ-രാഷ്ട്രീയ കുത്തിത്തിരിപ്പ് ടീമുകളുണ്ട്; അവരുടെ കരച്ചിൽ ആണിത്.

ഹിജാബ് മാത്രമാണോ അനുവദിക്കാത്തത് ?

വള്ളിട്രൗസറും കുട്ടിനിക്കറും അനുവദിച്ചിട്ടുണ്ടോ ?

മറ്റ് ഏതെങ്കിലും മതത്തിൻറെ വസ്ത്രം SPC യൂണിഫോമിനോടൊപ്പം അനുവദിച്ചിട്ടുണ്ടോ ?

പിന്നെ എങ്ങിനെയാണ് ഇത് ഇസ്ലാമോഫോബിയ ആകുന്നത് ?

അടുത്തത് പുരോഗമനം :

“ഹിജാബ്” എന്ന വസ്ത്രം ആണ് ഇവിടുത്തെ ചർച്ച, അത് ഒരു മതത്തിലെ “സ്ത്രീയുടെ വസ്ത്രം” ആണ്. ഇതുപോലെ എല്ലാ മതത്തിലും “പുരുഷന്മാർ” തീരുമാനിച്ച “സ്ത്രീകളുടെ വസ്ത്രം” ഉണ്ട്. അത് ധരിച്ച് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നുള്ള വാറോലകളും ഉണ്ട്.

©soumiyaruth

രാഷ്ട്രീയ-മത ദുഷ്ടലാക്കുകൾ വെച്ച് സംസാരിക്കുമ്പോൾ “മാതാപിതാക്കളും” “സമൂഹവും” ശീലിപ്പിച്ച വസ്ത്രങ്ങൾ എന്നൊക്കെ തേൻ ചേർത്ത് മയപ്പെടുത്തി പറയാമെങ്കിലും ഇതൊക്കെയും “ആണുങ്ങൾ” തീരുമാനിച്ചതാണ് എന്ന കാര്യത്തിൽ തർക്കിക്കേണ്ടതില്ലല്ലോ ? അപ്പോൾ ആത്യന്തികമായി മതമെന്ന പേരിൽ ആണുങ്ങൾ തീരുമാനിച്ച വസ്ത്രത്തിനോട് മുഖം തിരിച്ച ഉത്തരവിനോടുള്ള പാട്രിയാർക്കിയുടെ, അതിന്റെ ഇരകളുടെ ശബ്ദമാണ് ഈ കാണുന്ന എതിർപ്പുകൾ എല്ലാം.

ജനാധിപത്യം“, “മതേതരത്വം“, “ഭരണഘടന“, “ഇൻക്ലൂസീവ്നെസ്സ്” എന്നൊക്കെ പറയുന്നത് കക്കൂസിലെ ടാപ്പിൽ നിന്നും വരുന്ന ശബ്ദം മാത്രമാണ്, ഉള്ളിൽ പഴകി അളിഞ്ഞുകൂടി കിടക്കുന്നതിൽ നിന്നും വരുന്ന മറ്റു ചില സ്വാഭാവിക ശബ്ദങ്ങൾ പുറത്ത് കേൾക്കാതിരിക്കാൻ മനഃപൂർവ്വം തുറന്നു വിടുന്ന ചില ശബ്ദങ്ങൾ.

മതചിഹ്നം ധരിച്ച് മതപരിപാടികൾക്കും പോലീസ് ചിഹ്നം ധരിച്ച് പോലീസ് പരിപാടിക്കും പോകാൻ കഴിയണം. അതാണ് ഒരു മതേതര ജനാധിപത്യ രാജ്യത്ത് സാധ്യമാവേണ്ടത്.

എല്ലാത്തിലും മതം കുത്തിയിറക്കാൻ പരിശ്രമിക്കുന്നവരുടെ ഉദ്ദേശങ്ങളെ നല്ല നിലയിൽ കാണാൻ കഴിയില്ല. ഇവിടെയും അത് തന്നെയാണ് സ്ഥിതി.

“എന്റെ മതത്തിന്റെ ചിഹ്നം” ഉൾപ്പെടുത്താൻ അനുവദിച്ചില്ല എന്ന് പറഞ്ഞ് കരയുന്നവർ “അവരുടെ മതത്തിന്റെ ചിഹ്നം” ഉൾപ്പെടുത്താൻ അനുവദിച്ചില്ല എന്ന് പറഞ്ഞ് ചിരിക്കുന്ന ചിലരെ കൂടി സൃഷ്ടിക്കുന്നുണ്ട്.

ധ്രുവീകരണം എന്നുള്ള ഈ അപകടകരമായ സാമൂഹ്യ വിപത്ത് കാണാൻ മതേതര മനസ്സുകൾക്ക് കഴിയണം. കേവലമായ താത്കാലിക രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ചുറ്റുമുള്ളവരെ രണ്ടായിതിരിക്കാൻ, പരസ്പരം ശത്രുപക്ഷത്ത് നിർത്താൻ നമ്മളിടുന്ന ഒരു കമെന്റിനോ റിയാക്ഷനോ ചിലപ്പോൾ സാധിച്ചെന്നു വരും…

അതുണ്ടാവാതിരിക്കാൻ ഓരോ മതേതര-ജനാധിപത്യ വിശ്വാസിയായ മനുഷ്യരും ഒരുമിച്ചു നിൽക്കണം…

കരുതലെടുക്കണം…

Leave a reply:

Your email address will not be published.

Site Footer