പല്ലെടുപ്പിന്റെ തത്വശാസ്ത്രം

dentist

വായ്ക്കകത്ത് ചെറിയൊരു ശസ്ത്രക്രീയ കഴിഞ്ഞ് മിണ്ടാനും പറയാനും ആവാതെ തിന്നാനും കുടിക്കാനും കഴിയാതെ മുകളിലോട്ടു നോക്കി കിടക്കുകയാണ്. ഒരു രണ്ട് മൂന്ന് വർഷം മുന്നേ ആദ്യമായി ഡോക്ടറെ കണ്ടപ്പോൾ തന്നെ മൂപ്പര് പറഞ്ഞതായിരുന്നു താഴെ നിരയിൽ രണ്ട് അറ്റത്തും ഉള്ള അണപ്പല്ലുകൾ( ഡോക്ടർമാരുടെ ഭാഷയിൽ no. 8) ശസ്ത്രക്രീയ വഴി എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്ന്. വളരാനാവാതെ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ സാധാരണ പല്ലെടുക്കും പോലെ പറിച്ചെടുക്കാൻ (elevate) ചെയ്യാനാവില്ല, അതോണ്ടാണത്രെ ശസ്ത്രക്രീയ വേണമെന്ന് പറയുന്നത്. സംഗതി സിമ്പിൾ ആണ്, പുറമെ കാണുന്ന മാംസ ഭാഗം കീറി പല്ല് ഉളിയും ചുറ്റികയും പോലുള്ള ടൂൾസ് ഉപയോഗിച്ചു പൊട്ടിച്ചെടുക്കുക, അതെ പാറമടയിൽ ചെയ്യുന്ന പോലെ ഒരു പണി വായ്ക്കുള്ളിൽ. പറയുമ്പോൾ സിമ്പിൾ ആണെങ്കിലും ഇതിനു ശേഷം കൊറച്ചു ദിവസം  അനുഭവിക്കേണ്ടി വരുന്ന വേദന അത്ര സിമ്പിൾ അല്ല.

രണ്ടര വർഷം മുൻപ് വലതു വശത്തുള്ള ഒരു പല്ലും ഇപ്പോൾ ഇടതു വശത്തുള്ള രണ്ടു പല്ലും എടുത്തു കളഞ്ഞു കഴിഞ്ഞു. അന്ന് അസഹനീയമായ പല്ലു വേദന കാരണമാണ് ഡോക്ടറെ കണ്ടത് മറ്റേ പല്ലിനൊട്ടു വേദന ഉണ്ടായിരുന്നുമില്ല. പക്ഷെ ഡോക്ടർ പറഞ്ഞിരുന്നു എത്രയും പെട്ടന്ന് മറ്റേ പല്ലും എടുത്ത് കളയുന്നതാണ് നല്ലതെന്നു. പക്ഷ മൈൻഡ് ചെയ്തില്ല, ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ. പിന്നെ എന്തിനാ ? ഒരു പക്ഷെ അന്ന് തന്നെ അല്ലെങ്കിൽ അവിടന്ന് ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു ഇന്നീ ചെയ്തത് ചെയ്തിരുന്നെങ്കിൽ എടുത്ത് കളയേണ്ടിയിരുന്ന പല്ലുകളുടെ എണ്ണം ഒന്ന് കുറഞ്ഞേനേ. ഇനി പറഞ്ഞിട്ട് കാര്യമില്ല കഴിഞ്ഞത് കഴിഞ്ഞു.

അല്ലെങ്കിലും നമ്മൾ പലപ്പോഴും അങ്ങനെ ആണ്. മനുഷ്യന്റെ പൊതുവായ ഒരു മസ്തിഷ്ക സവിശേഷത ആണത്. മാറ്റം നമ്മുക്ക് ഇഷ്ടമല്ല, ഇനി അഥവാ മാറണമെങ്കിൽ തന്നെ മാറ്റമില്ലായ്മ അത്രയും അസഹനീയവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാവണം. മാറ്റമില്ലായ്മ സൃഷ്ടിക്കുന്ന വേദനയേക്കാൾ അല്ലെങ്കിൽ ബുദ്ധിമുട്ടിനേക്കാൾ കുറഞ്ഞ വേദന മാത്രമേ മാറ്റം ഉണ്ടാക്കുന്നുള്ളൂ എങ്കിൽ മാറ്റം വളരെ എളുപ്പത്തിൽ സംഭവിക്കും. അണപ്പല്ല് പോയ എന്റെ അവസ്ഥ അണപ്പല്ല് ഉള്ള അവസ്ഥയെക്കാൾ വളരെ വേദന രഹിതം ആണ് എന്ന് മനസ്സിലായപ്പോൾ ആണ് ഞാൻ ആദ്യത്തെ സർജെറിക്കു വിധേയനായത്. പക്ഷെ മറിച്ചായാൽ മാറ്റത്തിന് നമ്മൾ തയ്യാറാവില്ല, രണ്ടു പല്ലിനും ഒരേ സമയം സർജറിക്ക്‌ നിർദ്ദേശിച്ചിട്ടും രണ്ടാമത്തെ പല്ല് എടുത്ത് കളയാൻ തയ്യാറാവാതിരുന്നതിലുള്ള യുക്തിയും മറ്റൊന്നല്ല.

ഒരു  മനുഷ്യന്റെ സാമാന്യ സവിശേഷതയാണ് ഇതെന്നിരിക്കെ ഒരു മത വിശ്വാസിയുടെ മസ്തിഷ്കത്തിനകത്ത് ഇതെങ്ങനെ ആണ് പ്രവർത്തിക്കുക എന്ന് നോക്കാം. തങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ നല്ല മാറ്റങ്ങളും അവസ്ഥകളും എന്തിന്റെയൊക്കെയോ തുടർച്ചയാണെന്നു വിശ്വസിക്കാൻ ഇഷ്ട്ടപ്പെടുന്നവൻ ആണ് ഒരു വിശ്വാസി. ദിനേന പ്രാർത്ഥിക്കുന്നവന്റെ അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിന്റെ കാരണം തേടി പോയാൽ കണ്ടു പിടിക്കാവുന്ന ചെറിയൊരു സത്യം മാത്രം ആണിത്. അന്നന്നത്തെ കച്ചവടത്തിൽ ഉണ്ടായ ലാഭത്തിനു കാരണം അന്നത്തെ പ്രാർത്ഥനയുടെ മിടുക്കാണെന്നും നഷ്ട്ടം പ്രാർത്ഥനയിൽ ഉണ്ടായ ഭംഗം ആണെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. വിശ്വാസിയോട് വിശ്വാസത്തിനെതിരായി സംസാരിച്ചാൽ, വിശ്വാസ ചിന്തകളിൽ മാറ്റം നിർദ്ദേശിച്ചാൽ വിശ്വാസി മസ്തിഷ്ക്കത്തിൽ പാപ ബോധത്താലുള്ള ഭയം നുരഞ്ഞു പൊങ്ങും. അങ്ങനെ സംസാരിച്ചവനെ നഖ-ശിഖാന്തം എതിർക്കും, തെറി വിളിക്കും.ഏതു മതത്തിലാണ് ഏതു ദൈവമാണ് ഇങ്ങനെ പെരുമാറാൻ നിർദ്ദേശിച്ചതെന്നു ചോദിച്ചാൽ തന്തക്കു വിളി പിന്നെയും കേൾക്കേണ്ടി വരും.

മാറ്റമില്ലാത്തതെന്തോ അതാണ് മതം. അത് സ്വയം മാറില്ല, അതിനെ മാറ്റണം,
ആര് മാറ്റണം ? സമൂഹം മാറ്റണം
മാറുന്നുണ്ടോ ? ഉണ്ട് തീർച്ചയായും മാറുന്നുണ്ട്.
ആരാണ് മാറ്റുന്നത് ? തീർച്ചയായും വിശ്വാസികൾ അടങ്ങിയ സമൂഹം തന്നെയാണ് മാറ്റുന്നത്.

എല്ലാ മതങ്ങളും മാറുന്നുണ്ട്, ബാഹ്യവും ആഭ്യന്തരവുമായ ഇടപെടലുകളാണ് മതത്തിനകത്ത് മാറ്റങ്ങൾ വരുത്തുന്നത്. ഇന്ന് കാണുന്ന ഒരു മതവും അതിന്റെ ആരംഭത്തിൽ ഇങ്ങനെ ആയിരുന്നില്ല, കുറെ കാലം കഴിഞ്ഞാൽ ഇങ്ങനെ ഒട്ടു ആയിരിക്കുകയുമില്ല എന്ന് തിരിച്ചറിയാൻ ഒരൽപം ചരിത്രം മനസ്സിലാക്കിയാൽ മതി.

“അത്… പിന്നെ മറ്റു കാര്യങ്ങളിലൊക്കെ മാറാം… ഇക്കാര്യത്തിൽ പറ്റില്ല… ഇത് ആചാരമാണ്… വിശ്വാസമാണ്”

അപ്പൊ പിന്നെ ഈ #ReadyToWait ടീം ?
“അത്… പിന്നെ മറ്റു കാര്യങ്ങളിലൊക്കെ മാറാം… ഇക്കാര്യത്തിൽ പറ്റില്ല… ഇത് ആചാരമാണ്… വിശ്വാസമാണ്” സത്യത്തിൽ ഇത് തന്നെയായിരുന്നു മാറ്റം വന്ന എല്ലാ കാര്യങ്ങളിലും വിശ്വാസികളുടെയും മതത്തിന്റെയും നിലപാട്.

1829 ഡിസംബർ 24ന് വില്ല്യം ബെന്റിക്കിന്റെ നേതൃത്വത്തിൽ ഉള്ള ബ്രിട്ടീഷ് സർക്കാർ തങ്ങളുടെ ഇന്ത്യൻ അധീന പ്രദേശങ്ങളിൽ സതി നിരോധിച്ചപ്പോൾ മതവികാരം വ്രണപ്പെട്ടെന്നു പറഞ്ഞു നിലവിളിച്ച വിശ്വാസി സമൂഹത്തെ കണ്ടു ബ്രിട്ടീഷ് കാർ  പോലും അന്തം വിട്ടിട്ടുണ്ട്. സ്ത്രീകളെ പച്ചക്കു ചുട്ടുകൊല്ലാൻ വേണിയാണന്നവർ ബഹളം വെച്ചത്. തങ്ങൾക്കു ഭർത്താവിന് വേണ്ടി തീയിൽ ചാടി ആത്മഹത്യാ ചെയ്യാനുള്ള അവകാശം വേണമെന്ന് പറഞ്ഞു രംഗത്ത് വന്നത് സ്ത്രീകൾ തന്നെയായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്നത് കൊണ്ട്  #ReadyToSuicide എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ഒന്നും ഉണ്ടായില്ല എന്ന് മാത്രം.

1859ൽ ചാന്നാർ ലഹളയെ പരിഹസിച്ചും പഴി പറഞ്ഞും പിറകെ കൂടിയ സ്ത്രീ ജനങ്ങളിൽ നല്ലൊരു പങ്കും മാറ് മറയ്ക്കാത്ത ചാന്നാർ സ്ത്രീകളായിരുന്നു.

വൈക്കം – ഗുരുവായൂർ സത്യാഗ്രഹ സമയത്ത് സമരക്കാർക്കെതിരെ “സമരം ഞങ്ങൾക്ക് ദോഷമാണ്” എന്ന് പറഞ്ഞെതിർത്തതും പിൽക്കാലത്ത് സമരത്തിന്റെ വിജയം അനുഭവിച്ച അവർണ്ണ വിഭാഗമായിരുന്നു.

മതം ഒരു മാനസികാവസ്ഥയാണ്, കാലം മാറുന്നതൊന്നും അതിനൊരു വിഷയമല്ല. എല്ലാ മതവും പുരുഷനുണ്ടാക്കിയതാണ്. സ്ത്രീകൾ എല്ലാത്തിലും രണ്ടാം കിട പൗരയാണ്. നമ്മുടെ നാട്ടിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും വിശ്വാസികൾ ആണ്. മതത്തിനകത്തുള്ള ലിംഗവിവേചനം തന്നെയാണവളെ പുറത്തും രണ്ടാം കിടക്കാരിയാക്കുന്നതു. അത് കൊണ്ട് കൂടിയാണ് മതത്തിനകത്തെ വിഷയങ്ങളിൽ മതത്തിനു പുറത്തുള്ളവർ അഭിപ്രായം പറയേണ്ടി വരുന്നതും.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് അത് കൊണ്ട് സ്ത്രീകൾ അങ്ങോട്ടേക്ക് പോയിക്കൂടാ

വിശ്വാസികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ശബരിമലയിൽ സ്ത്രീ പ്രവേശം എതിർക്കപ്പെടുന്നത് വളരെ കൃത്യമായ ലിംഗ വിവേചനം തന്നെയാണ്. ആർത്തവം അശുദ്ധിയാണെന്നത് മതചിന്തയാണ്,
“അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് അത് കൊണ്ട് സ്ത്രീകൾ അങ്ങോട്ടേക്ക് പോയികൂടാ” എന്നൊക്കെ വാദിക്കുന്നവർ നിങ്ങളെയും നിങ്ങൾ കണ്ട ആണുങ്ങളെയും ഒക്കെ പോലെ തന്നെ സാക്ഷാൽ അയ്യപ്പനും ഒരു ഞരമ്പ് രോഗിയാണെന്ന് പറയാതെ പറയുകയാണ്.

കോടതി പ്രവേശനം അനുവദിച്ചാലും വിശ്വാസികളായ സ്ത്രീകൾ പോകില്ല വിശ്വാസികൾ അല്ലാത്തവരും പോകില്ല. പിന്നെ എന്താണ് പ്രശ്നം

“കോടതി പ്രവേശനം അനുവദിച്ചാലും വിശ്വാസികളായ സ്ത്രീകൾ പോകില്ല വിശ്വാസികൾ അല്ലാത്തവരും പോകില്ല. പിന്നെ എന്താണ് പ്രശ്നം”  എന്നാണെങ്കിൽ, അങ്ങനല്ല പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിൽ അവർക്കു പോകാൻ കഴിയണം,
കൂടിന്റെ വാതിൽ തുറന്നു വെച്ചാലും ജന്മാന്തരങ്ങളായി കൂട്ടിലടയ്ക്കപ്പെട്ട കിളി ഉടനെയൊന്നും കൂടു വിട്ടു പറന്നു പോകാൻ മിനക്കെടില്ല, എന്നാൽ ഒരിക്കലും പോകാതിരിക്കുകയും ഇല്ല.ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞിട്ടും കാലമേറെ കഴിഞ്ഞാണ് കീഴ്ജാതിക്കാര് മുഴുവനും ക്ഷേത്രത്തിൽ എത്തിയത്.

ഞാൻ വിശ്വാസിയാണ് എനിക്ക് പോകണ്ട അത് കൊണ്ട് നീയും പോകണ്ട

“ഞാൻ വിശ്വാസിയാണ് എനിക്ക് പോകണ്ട അത് കൊണ്ട് നീയും പോകണ്ട” എന്നാണെങ്കിൽ അത് നീതിയല്ല, ഫാസിസം ആണ്. എതിർക്കപ്പെട്ട മതിയാവൂ…

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണം. വാഹന ഗതാഗതവും സഞ്ചാര സൗകര്യങ്ങളും ഏറെ മെച്ചപ്പെട്ട ഒരു സാഹചര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ നല്ല ഭക്ത ശിരോമണികളാവാൻ സ്ത്രീകൾക്ക് സാധിക്കും. ശബരിമലയുടെ വരുമാനവും സാമ്പത്തികവും മെച്ചപ്പെടട്ടെ… ക്ഷേത്രത്തിന്റെ പ്രൗഡിയും പ്രാധാന്യവും സാമ്പത്തിക സ്ഥിതിക്കനുസരിച്ചു വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ  ശബരിമലയുടെ മാഹാത്മ്യം ഇനിയും വർദ്ധിക്കട്ടെ…

വിശ്വാസികൾക്ക് നമോവാകം

Courtesy Google(figures), Dr. Sunil  Ilayidam, Prof.C Ravichandran(Thoughts)

Leave a reply:

Your email address will not be published.

Site Footer