കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ വീട്ടിലിരിക്കെ ഓഫീസിലെ HR മാനേജരുടെ കാൾ ഉണ്ടെന്നു പറഞ്ഞു ആവേശത്തോടെ സംസാരിക്കാൻ അടുത്ത റൂമിലേക്ക് പോയയാൾ കലിപ്പ് മോഡിൽ തിരികെ വരുന്നതു കണ്ടാണ് കാര്യം ചോദിച്ചത്.
കുശലാന്വേഷണത്തിനിടയിൽ HR മാനേജരായ സ്ത്രീയുടെ “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ?” എന്നൊരു ചോദ്യമാണ് കക്ഷിയെ കലിപ്പാക്കിയത്…
ഉന്നത വിദ്യാഭ്യാസം നേടി; അറിയപ്പെടുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെച്ചപ്പെട്ട വരുമാനമുള്ള ജോലി ചെയ്യുന്ന ഒരു സ്ത്രീ, ഏതാണ്ട് അതെ സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയോട്
“ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ? “
എന്ന് ചോദിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്.സ്ത്രീകൾ തന്നെയാണ് അടുക്കളയിൽ എല്ലാം ചെയ്യേണ്ടത്…
പുരുഷന്മാർ “സഹായിക്കുക” മാത്രമേ വേണ്ടതുള്ളൂ….
“വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണെന്നുള്ള ധാരണയോട് #ഇനിവേണ്ടവിട്ടുവീഴ്ച”
എന്ന് പറഞ്ഞുകൊണ്ട് Department of Women and Child Development പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ കമെന്റുകൾ വായിച്ചപ്പോൾ ഇതിവിടെ ഒന്ന് കൂടി പറയണം എന്ന് തോന്നി.
ഉദ്ദേശപരമായി അടുക്കള വീടുകളിലെ മറ്റൊരു മുറി മാത്രമാണ്, പാചകം ചെയ്യുന്ന മുറി. കിടക്കുന്ന/കുളിക്കുന്ന മുറിയുടെ സൗകര്യങ്ങൾ ആർക്കാണോ ആവശ്യം ഉള്ളത് അവർ കിടപ്പുമുറി/കുളിമുറി ഉപയോഗിക്കുന്നത് പോലെ അടുക്കളയുടെ സൗകര്യങ്ങൾ ആർക്കാണോ ആവശ്യമുള്ളത് അവർ അടുക്കളയും ഉപയോഗിക്കണം എന്നുള്ളതാണ് ഏറ്റവും അടിസ്ഥാനപരമായ ജനാധിപത്യം.
ഈ അടിസ്ഥാന ജനാധിപത്യബോധം ഇല്ലാതെയാണ് കാലങ്ങളായി നാം അടുക്കള പെണ്ണുങ്ങൾക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നത്. അടുക്കള സ്ത്രീകൾക്ക് വിട്ടുകൊടുത്തു എന്ന് പറയുന്നതിലും പ്രശ്നമുണ്ട്. നമ്മുടെ ചുറ്റിലുള്ള ബഹുഭൂരിപക്ഷം വീടുകളിലും അടുക്കളയിലെ പണികൾ മാത്രമേ സ്ത്രീകൾക്ക് വിട്ടുകൊടുത്തിട്ടുള്ളൂ, അധികാരം വിട്ടുകൊടുത്തിട്ടില്ല. അടുക്കളയിൽ എന്തൊക്കെ ഉണ്ടാക്കണം എന്നുള്ളത് ഇപ്പോഴും പുരുഷന്റെ സൗകര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് തന്നെയാണ്.
ജീവശാസ്ത്രപരമായ ഓരോ ജൻഡറിൽ ഉള്ള ആളുകളും വ്യത്യസ്തരാണ്, അവരുടെ ശാരീരിക, മാനസീക ചിന്താധാരകളും വ്യത്യസ്തമാണ്, അതിൽ തന്നെ ഓരോ വ്യക്തികളും വ്യത്യസ്തരാണ്. പക്ഷെ അടുക്കള ജോലികൾ ചെയ്യുന്നതിന് മാത്രമായി ഏതെങ്കിലും ഒരു നിശ്ചിത ജൻഡറിലുള്ള ആളുകൾക്ക് മാത്രം എന്തെങ്കിലും സവിശേഷ പ്രകൃതി ഉള്ളതായി അറിവില്ല. അങ്ങനെ വരുമ്പോൾ ഒരു നിശ്ചിത ജൻഡറിലുള്ള സകല ആളുകളിലും അടുക്കള ജോലി കെട്ടിവെക്കുന്നത് നീതിയല്ലല്ലോ.
അടുക്കള ജോലി ചെയ്യാൻ ശമ്പളം പറ്റി ആളില്ലാത്ത പക്ഷം അടുക്കള ജോലി ആ വീട്ടിൽ ഭക്ഷണം കഴിക്കുന്ന മുഴുവൻ പേരുടെയും കൂട്ടുത്തരവാദിത്തമായിരിക്കണം. അങ്ങനെ വരുമ്പോൾ അടുക്കള ജോലി ചെയ്യൽ ആർക്കെങ്കിലും ഉള്ള “സഹായം” ആവില്ല, “സഹായം ചെയ്യുന്നതിലൂടെയും” “സഹായം വാങ്ങുന്നതിലൂടെയും” ഉള്ള ഫ്യൂഡൽ കൊടുക്കൽ വാങ്ങലുകൾക്ക് പകരം പരസ്പര സഹകരണത്തിലൂടെ ഒരു ജനാധിപത്യ അടുക്കള സംസ്കാരം കെട്ടിപ്പടുക്കാനും കഴിയും.
നാളെ തന്നെ അടുക്കളയിൽ കയറി സ്ത്രീകളായി പിറന്ന സഹവാസികളെ “സഹായിക്കാൻ” ഇറങ്ങിയില്ലെങ്കിലും, പെറ്റുവീണതിന് പിറ്റേന്ന് മുതൽ കണ്ടുവരുന്ന ഈ അടുക്കള-സ്ത്രീ കൂട്ടിക്കെട്ടലുകൾ ജനാധിപത്യ വിരുദ്ധമാണെന്നും സ്ത്രീവിരുദ്ധമാണെന്നും മനസ്സിലാക്കണം ചുരുങ്ങിയപക്ഷം.