പേരിനു മുന്നിൽ ഒരു ഡോ. ഉണ്ടായാൽ, അല്ലെങ്കിൽ പേരിന്റെ അവസാനം വല്ല NASA എന്നോ ISRO എന്നോ America എന്നോ അല്ലെങ്കിൽ കടിച്ചാൽ പൊട്ടാത്ത എന്തെങ്കിലും സ്ഥാനപ്പേരോ കൊറേ അക്ഷരങ്ങളോ ഒക്കെ എഴുതിയാൽ മതി, എന്ത് മണ്ടത്തരം ആരു പറഞ്ഞാലും തൊണ്ട തൊടാതെ എടുത്തു വിഴുങ്ങും, അത് എന്ത് ശർദ്ധിൽ ആയാലും വേണ്ടില്ല! സമൂഹ മാധ്യമങ്ങളിൽ വളരെ കാലമായി കാണുന്ന ഒരു രീതിയാണ് ഇത്.
ഈ സ്വഭാവം മാറ്റണം, പലർക്കും ഇങ്ങനെ ഒരു സ്വഭാവം ഉണ്ട് എന്ന് കണ്ടിട്ട് തന്നെയാണ്, പല മണ്ടത്തരങ്ങളും മുന്നിൽ/പിന്നിൽ മുൻപ് പറഞ്ഞ പോലെ ഉള്ള സംഗതികൾ കൂടി ഇട്ട ഫോർവേഡ് മെസ്സേജുകൾ ചൂടപ്പം പോലെ പറന്നു നടക്കുന്നത്. പലരും വേറെ ഒന്നും ആലോചിക്കാതെ അത് അങ്ങട് ഫോർവേഡ് ചെയ്യും, അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് മാത്രമല്ല അവരെ ഫോളോ ചെയ്യുന്നവരെ കൂടി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും അത്. കാലക്രമത്തിൽ അവർ അവരുടെ തെറ്റിദ്ധാരണ മാറ്റുമായിരിക്കും, പക്ഷെ അവർ മൂലം തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ അപ്പോഴും അവിടെത്തന്നെ കാണും. അവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇവർക്കൊട്ടു കഴിയുകയും ഇല്ല, എന്തിനധികം താൻ കാരണം ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് പോലും അവർ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതുകൊണ്ടു ഇങ്ങനെ fake authority വെച്ചുള്ള പ്രചാരണങ്ങൾക്ക് തല വെച്ച് കൊടുക്കരുത്.
ഇത്തരത്തിൽ വൻ സ്വീകാര്യതയോടെ ഫേസ്ബുക്കിലും വാട്സാപ്പിലും പറന്നു നടന്ന ഇപ്പോഴും നടക്കുന്ന പല പോസ്റ്റുകളും ഉണ്ടെങ്കിലും, ഏറ്റവും അവസാനം കണ്ട ഒരു പോസ്റ്റിന്റെ കാര്യം പറയാം. ഇതിന്റെ കാര്യം കൂടുതൽ തമാശയാണ്. ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്തയാണ് (ഉപദേശം) ആണിവിടെ സമൂഹ മാധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ എഴുത്തുകാരന്റെ പേര് ആരംഭിക്കുന്നത് തന്നെ നേരത്തെ പറഞ്ഞ “ഡോ” ആണ്, ജാതീയമായ മേൽക്കോയ്മ/priority കിട്ടാൻ “ഭട്ടത്തിരിപ്പാട് ചേർത്തിട്ടുണ്ട്, മേല്ജാതിക്കാരൻ മണ്ടത്തരം പറയില്ല എന്നാണല്ലോ വെയ്പ്പ് (പട്ടരിൽ പൊട്ടനില്ല!).
മൊബൈൽ ഫോണുകൾ ചുറ്റുപാടുകളോട് സംവദിക്കുന്നത് വൈദ്യുതകാന്തിക തരംഗങ്ങൾ (ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് ) വഴി മാത്രമാണ്. . അതായത് അത് ഒരു വേവ്/തരംഗം ആണ്, അതിങ്ങനെ റൂമിൽ വന്നു നിറയുന്ന ഒരു സാധനമല്ല. അതിന് സഞ്ചരിക്കാൻ ഒരു മാധ്യമത്തിന്റെ പോലും സഹായം വേണ്ട, ജനൽ അടച്ചു വെച്ചാലും തുറന്നു വെച്ചാലും അത് സഞ്ചരിക്കും.
ഡോക്ടറുടെ തിയറി ശരിയാണെങ്കിൽ മൊബൈൽ ഫോണിന് റേഞ്ചില്ലാത്തിടത്ത് ചെല്ലുമ്പോൾ ഒരു വലിയ കുപ്പിയിൽ കുറച്ചു ഇഎംഎഫ് നിറച്ചിട്ടു പോയാൽ മതി. ഇഎംഎഫ് എന്നാൽ ഇലക്ട്രോ മോട്ടീവ് ഫോഴ്സ് ആണ് ഇലക്ട്രോ മാഗ്നെറ്റിക് ഫ്രീക്വൻസി അല്ല. മൊബൈൽ ഫോണിലെ വൈദ്യുതകാന്തിക തരംഗങ്ങൾ പേരിൽ ‘വൈദ്യുത’ എന്ന വാക്കുണ്ടെന്നേ ഉള്ളൂ. അത് ചാർജുകളുടെ ഒഴുക്കിന് കാരണമാകുകയോ സഹായിക്കുകയോ പോലും ചെയ്യുന്നതല്ല. emf അഥവാ ഇലക്ട്രോ മോട്ടീവ് ഫോഴ്സ് ഒരു ഇലക്ട്രിക്കൽ പ്രവർത്തനം ആണ് അത് മൊബൈൽ ഫോണിലെ വൈദ്യുതകാന്തിക തരംഗങ്ങളുമായി നേരിട്ട് വല്ല്യ ബന്ധമില്ലാത്ത ഒരു സാധനമാണ്.
ഇനി “ഡോ” പറഞ്ഞതാണ് ശരി എന്ന് സമ്മതിച്ചാൽ തന്നെ “ഫ്രീക്വൻസി” (ആവൃത്തി) എങ്ങനെയാണ് ഒരിടത്തു നിറയുക ? നിറയുന്ന സാധനം ഒരു പോയിന്റിൽ നിശ്ചലമാവില്ലെ ? നിശ്ചലമായ സാധനത്തിനു പിന്നെ എങ്ങിനെയാണ് “ആവൃത്തി”ക്കാൻ പറ്റുക ?
ഒന്നാലോചിച്ചാൽ വായിക്കുന്ന ആളിന് തന്നെ ഒരു തീരുമാനത്തിൽ എത്താവുന്ന ഒരു വാർത്തയാണ് ഇത്. പക്ഷെ അത് ആരും ചെയ്യില്ല, കണ്ണടച്ച് ഫോർവേഡ് ചെയ്യും. ഇങ്ങനെയുള്ള ചിന്തയില്ലാത്ത ഫോർവേഡുകൾക്കു പൊതുസമൂഹത്തിന്റെ ശാസ്ത്രബോധം നിശ്ചയിക്കാൻ പറ്റുന്നിടത്താണ് ഇതിന്റെ ഏറ്റവും വലിയ അപകടം നിൽക്കുന്നത്. പൊതുസമൂഹത്തിന്റെ ശാസ്ത്ര ബോധം നമ്മൾ മുന്നേയും കണ്ടതാണ്, പേരിനു മുന്നിൽ ഡോ. ഉള്ളവർ തന്നെയാണ് 2000ന്റെ നോട്ടിലെ ചിപ്പിനെ കുറിച്ചൊക്കെ മുന്നേ വാചാലനായിരുന്നവർ, അവരെ ഒക്കെ എങ്ങനെയാണു മാധ്യമങ്ങൾ ആഘോഷിച്ചത് എന്നും നമ്മുക്ക് അറിയാം.
ചുരുക്കി പറഞ്ഞാൽ
“കേശവൻമാമന്മാരെ സൂക്ഷിക്കുക”
Courtesy – ശാസ്ത്രീയ മനോവിചാരം ഉണ്ടാക്കാൻ നിരന്തരം സംസാരിക്കുന്ന വൈശാഖൻ തമ്പിക്ക്