ഇന്ന് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി ആണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ എന്ന് പറയുമ്പോൾ അത് മലയാളി പൊതുബോധം ധരിച്ചിരിക്കുന്നതുപോലെ
“ജീവൻ തന്നത് ദൈവം ആണെങ്കിൽ ജീവിതം തന്നത് അമ്മയാണ്”
എന്ന ലൈനിൽ ഉള്ള നേട്ടങ്ങൾ അല്ല.
സ്ത്രീയെ രണ്ടാം തരക്കാരിയാക്കി മാറ്റാൻ “‘അമ്മ” യെ അല്ലെങ്കിൽ “സ്ത്രീ”യെ ബിംബവൽക്കരിക്കുന്നത് പാട്രിയാർക്കിയുടെ, പുരുഷാധിപത്യത്തിന്റെ എക്കാലത്തെയും മികച്ച സൂത്രപ്പണികളിൽ ഒന്ന് മാത്രമാണ്.
“ഓഹരി സ്വീകരിക്കുക” എന്നർത്ഥം വരുന്ന #EmbraceEquity എന്ന ഇത്തവണത്തെ International Womens Day യുടെ തീം തന്നെ ഉദ്ദേശിക്കുന്നത് സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ മതിയാകില്ല ഇക്വിറ്റിയാണ് വേണ്ടത് എന്ന ചിന്ത ലോകം കൂടുതൽ ചർച്ച ചെയ്യട്ടെ എന്ന നിലയ്ക്കാണ്.
#EmbraceEquity
സ്ത്രീയെ ദേവിയാക്കിയും ഐശ്വര്യമാക്കിയും, തികച്ചും ബയോളോജിക്കൽ പ്രക്രീയ ആയ പ്രസവത്തെയും മുലയൂട്ടലിനെയും മാതൃത്വമെന്നും അമൃതാണ് അമ്മിഞ്ഞപ്പാൽ എന്നുമൊക്കെ പറഞ്ഞ് മഹത്വവൽക്കരിക്കുകയല്ല വേണ്ടത്.
പകരം സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ അവൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യവും സ്വാഭിമാനവും വ്യക്തിത്വവും ഉയർത്തിപ്പിടിച്ച് ജീവിക്കാൻ സഹകരിക്കുകയാണ് ബാക്കിയുള്ളവർ ചെയ്യേണ്ടത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തുല്യ വേതനത്തിനും സമ്മതിദാന അവകാശത്തിനും വേണ്ടി ആരംഭിച്ച ഒരു ക്യാമ്പയിൻ ആണ് ഇന്ന് നാം ഈ കാണുന്ന നിലയിലുള്ള അന്താരാഷ്ട്ര വനിതാ ദിനം ആയി മാറിയത് എന്ന ചരിത്ര വസ്തുത കൂടി പരിഗണിച്ചാൽ എന്താണ്, എന്തിനാണ് ഇങ്ങനെ ഒരു വനിതാ ദിനം എന്ന് കുറച്ചുകൂടി വ്യക്തമാകേണ്ടതാണ്.
ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാൻ, ലിംഗസമത്വം, പ്രത്യുൽപാദന അവകാശങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സമൂഹമൊന്നാകെ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും ആത്യന്തികമായി ലിംഗപരമായ അസമത്വവും വിവേചനവും മനസ്സുകളിൽ നിന്ന് പോലും എടുത്തു കളയാൻ വനിതാ ദിനം എന്നല്ല ഓരോ ദിനവും പ്രയോജനപ്പെടുത്താൻ നമ്മുക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യ രാജ്യത്തെ ഓരോ പൗരന്റെയും ഉത്തരവാദിത്തം കൂടി ആണത്.