സ്വിറ്റ്സർലാന്റിലേക്ക് ഒരു ഫ്രീ ടിക്കറ്റ്

കുറച്ചു കാലം മുൻപ് വളരെ യാദൃശ്ചികമായാണ് ഞാൻ മൂപ്പരെ ആദ്യമായി വായിക്കുന്നത്. അന്ന് ആദ്യമായി വായിച്ച പോസ്റ്റ് ഏതാണെന്നു എനിക്കൊര്‍മ്മയില്ല, എന്തായാലും എഴുത്ത് എനിക്കിഷ്ടപ്പെട്ടു. സംഗതി, വായിക്കുന്നത് ഫേസ്ബുക്കിലായതു കൊണ്ട് ഒന്നോ രണ്ടോ പോസ്റ്റ് ഇഷ്ടപ്പെട്ടാലും അത് എഴുതിയ ആളെ ഓർമിച്ചു വെയ്ക്കണം എന്നില്ല. പിന്നെ ഈ ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ പൊതുവായുള്ള ഒരു കുഴപ്പം എന്താന്ന് വെച്ചാൽ നമ്മളെ എളുപ്പത്തിലങ്ങട് പറ്റിക്കാൻ പറ്റും, അതോണ്ട് വായിച്ചു കഴിഞ്ഞാലും അല്ലേൽ കണ്ടു കഴിഞ്ഞാലും ഒന്നൂടി ഒന്ന് അതിന്റെ മേലെ ചിന്തിക്കുന്നത് നല്ലതായിരിക്കും. അപ്പൊ പറഞ്ഞു വന്നത്, ആദ്യത്തെ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു താത്പര്യം തോന്നി, എഴുത്തിനോടും എഴുതിയ ആളോടും. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊരു പോസ്റ്റ്  കൂടി വായിക്കുന്നു.
“സംഗതി കൊള്ളാട്ടാ”
ആരാ ഈ ചങ്ങായി, സംഭവം ഉഷാറാണ് ഫ്രണ്ട് ആക്കി കളയാം എന്ന് വിചാരിക്കുന്നു… നേരെ പോകുന്നു ആഡ് ആസ് എ ഫ്രണ്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നു. ദേണ്ടെ വരുന്നു ചുമരിൽ എറിഞ്ഞ റബര്‍ പന്ത് പോലെ റിക്വസ്റ്റ് തിരിച്ച്. പറ്റൂല പോലും മൂപ്പര് വല്യ പുള്ളിയാ 5000ൽ അധികം സ്വന്തമായി ഫ്രണ്ട്‌സൊക്കെ ഉള്ള പുള്ളി. ഫോള്ളോ എങ്കിൽ ഫോള്ളോ കിടക്കട്ടെ. അങ്ങനെ ആദ്യത്തെ എപ്പിസോഡ് അവിടെ തീരുകയാണ്.

പിന്നെ എന്താ സംഭവം എന്ന് വെച്ചാൽ മൂപ്പര് ഫേസ്ബുക്കിൽ ഇങ്ങനെ പോസ്റ്റുകൾ ഇട്ടുകൊണ്ടേ ഇരിക്കുന്നു… ഞാൻ ആണേൽ വായിച്ചു കൊണ്ടേ ഇരിക്കുന്നു…

അങ്ങനെ വായിച്ചു വായിച്ചു വായിച്ചു എല്ലാവരെയും പോലെ ഞാനും മൂപ്പരുടെ ഒരു കട്ട(ഉഷ അല്ല) ഫാൻ ആയി മാറി.

മൂപ്പര്‍ ആള് പുലി ആണ് എന്ന് ഇപ്പൊ തന്നെ എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ അല്ലെ ?

ആയിടക്കാണ് വേറൊരു സംഭവം ഉണ്ടാകുന്നത് .

പുതിയൊരു പോസ്റ്റ് വരുന്നു …

സംഗതി ഇത്രേ ഉള്ളൂ മൂപ്പർക്ക് മൂപ്പരുടെ ഫോള്ളോവെഴ്സിന്റെ എണ്ണം കൂട്ടണം. അതിനു വേണ്ടിയുള്ള മാർക്കറ്റിംഗ് പോസ്റ്റാണ് സാധനം. സംഭവം എന്താന്ന് വെച്ചാൽ, നമ്മൾ നമ്മടെ ഏതെങ്കിലും ഒരു ഫ്രണ്ടിന് ഒരു മെസ്സേജ് അയക്കണം മൂപ്പര് പുലിയാണ്, ഫോള്ളോ ചെയ്താൽ പുണ്യം കിട്ടും അത് കിട്ടും ഇത് കിട്ടും എന്നൊക്കെ പറഞ്ഞു കൊണ്ട്. പേടിക്കണ്ട എന്തൊക്കെയാ മൂപ്പരെ കുറിച്ച് തട്ടി വിടേണ്ടത് എന്ന് മൂപ്പര് തന്നെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്, അത് കോപ്പി പേസ്റ്റ് ചെയ്താൽ നമ്മടെ പണി കഴിഞ്ഞു. എന്നിട്ടു നമ്മളതിൻറെ സ്ക്രീൻ ഷോർട് എടുത്തു മൂപ്പർക്ക് അയച്ചു കൊടുത്താൽ മൂപ്പരുടെ ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി നമ്മൾക്ക് അയച്ചു തരും. സംഭവം പ്രത്യക്ഷത്തിൽ വല്യ കാര്യം ഒന്നുമില്ലാത്ത കാര്യം ആണെന്ന് തോന്നുമെങ്കിലും ഞാൻ മറ്റൊന്നും ആലോചിച്ചില്ല മ്മടെ ഒന്ന് രണ്ടു ചങ്ങായിമാർക്കു സാധനം അയച്ചു കൊടുത്തു സ്ക്രീൻ ഷോട്ട് എടുത്തു മൂപ്പർക്കും അയച്ചു കൊടുത്തു. ദേ കിടക്കണൂ മൂന്നാം ദിവസം ഇൻബോക്സിൽ ഒരു pdf ഡോക്യുമെന്റ്.
ഒറ്റ ഇരിപ്പിനു തന്നെ മൊത്തം അങ്ങട് വായിച്ചു തീർത്തു… ഫേസ്ബുക് പോസ്റ്റ് ആയിരുന്നെങ്കിൽ ചുരുങ്ങിയത് മൂപ്പര് രണ്ടു മാസമെങ്കിലും സമയം എടുത്തു മാത്രം ഇടാൻ സാധ്യത ഉള്ള അത്രയും സാധനങ്ങൾ ഞാൻ ഇങ്ങനെ ഒറ്റ അടിക്കു വലിച്ചു വാരി തിന്നുകയാണ്, ആക്രാന്തം മൂത്ത്.

പിന്നെ പറയണ്ട മൂപ്പരോടുള്ള, മൂപ്പരുടെ എഴുത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെ ആയിരുന്നു അവിടുന്നിങ്ങോട്ടു.
എന്ത് റിസ്ക് എടുത്തും മൂപ്പരുടെ ഫ്രണ്ട് ആവണം എന്നൊരാഗ്രഹം മുട്ടി നിൽക്കുമ്പോഴാണ് മൂപ്പര് ഈയടുത്ത് മറ്റൊരു പോസ്റ്റ് ഇടുന്നതു. സ്വന്തമായി മുഖമില്ലാത്ത മൂപ്പരുടെ ഫ്രണ്ട്സിനെ ഒക്കെ എടുത്തു പൊറത്തു കളയുന്നു പോലും. പോസ്റ്റ് കണ്ട സ്പോട്ടിൽ തന്നെ, പഴയ റിക്വസ്റ്റ് ഒന്ന് പുതുക്കി, ഈമെയിലിൽ ഒരു അപേക്ഷയും പാസ്സാക്കി.സംഗതി ഫലം കണ്ടു… ഡിം ഡിം ഡിം ഞാൻ മൂപ്പരുടെ ഫ്രണ്ട്.സിനിമയിൽ ആയിരുന്നെങ്കിൽ നമ്മക്ക് ഇവിടെ സംവിധായകന്റെ പേരും സിനിമേടെ പേരും ഒക്കെ കാണിക്കാരുന്നു അല്ലേ … 🙂

ഇനി ആദ്യം കാണാൻ വേണ്ടി പോകുന്നത് മൂപ്പരുടെ തല ആണ്… സാധാരണ സിനിമയിൽ നായകന്റെ കാൽ ഒക്കെയാണ് ഈ സീനിൽ കാണിക്കുക, പക്ഷെ നമ്മടെ നായകനു കൂടുതൽ ഇഷ്ടം തലയാണ് “മത്തങ്ങ തല” , “മര തല” എന്നിങ്ങനെ തരാ തരം തലകളും ആയി ആണ് മൂപര് പലപ്പോഴും ഫേസ്ബുക്കിൽ പ്രത്യക്ഷപെടാറുള്ളത്.

മുരളി തുമ്മാരുകുടി
മൂപ്പര് തന്നെ മൂപ്പരെ കുറിച്ച് പറയുന്നത് പോലെയാണെങ്കിൽ “കഴിഞ്ഞ മുപ്പത് വർഷമായി യുദ്ധ ദുരന്ത പ്രദേശങ്ങൾ ഉൾപ്പടെ നൂറോളം ലോക രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടുള്ള മലയാളികളെ കാണുകയും യാത്ര അനുഭവങ്ങൾ പങ്കുവെക്കുകയും ഒക്കെ ചെയ്യുന്ന എന്റെ സുഹൃത്ത് മുരളി തുമ്മാരുകുടി”

ഒരേ സമയം കഥ ആയും കാര്യം ആയും തോന്നുന്ന ഒട്ടനവധി പോസ്റ്റുകൾ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ മൂപ്പരുടേതായി ഞാൻ വായിച്ചു കഴിഞ്ഞിട്ടുണ്ട്. മൂപ്പരുടെ എഴുത്തുകൾക്കു ഉള്ള ഒരു പ്രത്യേകത(എനിക്ക് തോന്നിയത്) എന്താന്ന് വെച്ചാൽ വളരെ ലളിതമാണ് ഭാഷ, വായിച്ചു തുടങ്ങിയാൽ പാതി വഴി നിർത്തി പോകാൻ തോന്നില്ല, നമ്മൾക്ക് ഈ ജന്മത്തിൽ മനസ്സിലാകില്ല എന്ന് വിചാരിക്കുന്ന കാര്യങ്ങൾ പോലും മൂപ്പര് വളരെ ലളിതമായി അങ്ങട് പറഞ്ഞു കളയും. അതിപ്പോ ഭൂമികുലുക്കത്തെ കുറിച്ചാവട്ടെ അല്ല കമ്പ്യൂട്ടർ അൽഗോരിതത്തെ കുറിച്ചാവട്ടെ.

എല്ലാ പോസ്റ്റിലും ഉള്ള പുതിയ പുതിയ കുറെ വിവരങ്ങൾക്കുമപ്പുറം എല്ലാറ്റിലും സർവഥാ നിഴലിച്ചു കാണുന്ന ഒരു പോസിറ്റീവ് എനർജി ആണ് ഏറ്റവും പ്രത്യേകമായി എടുത്തു പറയേണ്ട ഒന്ന്.

ഈയടുത്തു തുടങ്ങിയ ഒരു സീരീസ് ഉണ്ട് യാത്രയെ കുറിച്ച് ഉള്ളത്. ഓരോന്നും വായിച്ചു കഴിയുമ്പോൾ നാം സ്വയമേവ ആ യാത്രക്ക് വേണ്ടി തയ്യാറെടുത്തു കഴിഞ്ഞ ഒരു പ്രതീതി ആണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.
ചില കാര്യങ്ങൾ മൂപ്പര്‍    പറഞ്ഞത് ഞാൻ പല വേദിയിൽ പല വിഷയങ്ങൾ സംസാരിക്കുമ്പോൾ എടുത്തു ചാമ്പിയിട്ടുണ്ട്. (പറയുന്നത് കേട്ടാൽ തോന്നും ഞാൻ എന്തോ വല്യ ഒലക്ക ആണെന്ന്. ഒന്നുമല്ല. ഈ വേദി എന്നൊക്കെ പറയുന്നത് ഈ ഫ്രണ്ട്സിനോട് കത്തി അടിച്ചിരിക്കുന്നതും, കുടുംബത്തിൽ കത്തി അടിച്ചിരിക്കുന്നതും, ഓഫീസിലെ ലഞ്ച് ബ്രേക്കും ഒക്കെ ആണ് കെട്ട).മൂപ്പരുടെ ഒരു പോസ്റ്റുണ്ട് ‘ബെല്ലിന്റെ വളവു’ … അതൊക്കെ വെച്ച് ചങ്ങായിമാരുടെ അടുത്തൊക്കെ സംസാരിച്ചപ്പോൾ ലവന്മാര് പറഞ്ഞത് ഞാൻ വേറെ ‘ലവൽ’ ആണെന്നാണ്.
‘ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് എങ്ങനെ മാറാം എന്നതിനെ പറ്റിയുള്ള വീഡിയോ ആണ്. ഒറ്റ ടേക്കിൽ പ്രോംപ്റ്റിംഗ് ഒന്നും ഇല്ലാതെ എടുത്തതാണ്. അല്പം നീണ്ടു പോയി, പക്ഷെ കാണണം, കാരണം ഇതിന്റെ അവസാനം കണ്ടാൽ നിങ്ങൾ ഞെട്ടും..’ മൂപ്പരുടെ ഒരു വീഡിയോ പോസ്റ്റിന്റെ വിവരണം ആണിത്. ഞെട്ടാൻ വേണ്ടി ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടില്ല, പക്ഷെ ഞെട്ടാൻ വേണ്ടി ആണ് നിങ്ങൾ ഈ വീഡിയോ കണ്ടത് എന്ന കാര്യം പോലും മറന്നു എന്ന് മനസ്സിലാവുമ്പോൾ നിങ്ങൾ എന്തായാലും ഞെട്ടും.

വായിക്കാൻ ഇഷ്ട്ടപ്പെടുന്ന സുഹൃത്തുക്കളോട്, ലോകത്തെ തന്നെ വായിക്കുവാനുള്ള ഒരു അവസരമാണ് മുരളി തുമ്മാരുകുടി നമ്മുടെ മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്. വായിച്ചു നോക്കൂ… നിങ്ങള്ക്ക് തന്നെ മനസ്സിലാവും നിങ്ങൾ ഇന്ന് വരെ കണ്ട ലോകം ആയിരിക്കില്ല നിങ്ങൾ ഇനി അങ്ങോട്ട് കാണാൻ വേണ്ടി പോകുന്നത്.

കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞു. അപ്പളാണ് ഒരു ചോദ്യം…. അപ്പോ എന്താണീ ‘സ്വിറ്റ്സർലാന്റിലേക്ക് ഒരു ഫ്രീ ടിക്കറ്റ്’ ? അതാരുന്നല്ലോ നമ്മടെ വിഷയം. പറയാം… അതും ഞാന്‍ തന്നെ പറയാം…

ഇടക്ക് എന്തേലും കുത്തിക്കുറിക്കുന്ന ചെറിയൊരു ദുശീലം ഉള്ള ഒരാൾ ആണ് ഞാൻ. ഞാൻ പക്ഷെ എഴുതുന്നത് കഥയോ കവിതയോ സാഹിത്യമോ ഒന്നുമല്ല… എനിക്ക് തോന്നിയ പോലെ ആണ്… അങ്ങനെ ഉണ്ടായ ഒരു തോന്നലാണ് മൂപ്പരെ കുറിച്ച് എന്തേലും എഴുതണം എന്നുള്ളത്. അപ്പൊ ദേണ്ടെ കിടക്കണ് ഒരു ദീപാവലി ഓഫർ(ഒരു പഞ്ചിനു പറഞ്ഞതാണ്)…
മുന്നേ ഒരു ഓഫർ വെച്ച് പോസ്റ്റിനു ആളെ കൂട്ടിയ കാര്യം പറഞ്ഞിട്ടില്ലേ ? അത് പോലെ ഇതും മൂപ്പരുടെ ഒരു പുതിയ നമ്പർ ആണ്. മൂപ്പർക്ക് കൊറച്ചു ആളെ പിടിച്ചു കൊടുത്താൽ (followers) മൂപ്പര് ഫ്രീ ആയിട്ട് സ്വിറ്റ്സർലാന്റിലേക്ക് ഒരു ട്രിപ്പ് കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പരെ കുറിച്ചുള്ള ബ്ലോഗ് പോസ്റ്റിനു എന്ത് ടൈറ്റിൽ ഇടും എന്നുള്ള ടെൻഷൻ അങ്ങനെ സോൾവ് ആക്കി.

അപ്പൊ ശരി കാണാം…

പോകുന്നതിനു മുന്നേ ഒന്നൂടെ പറഞ്ഞേക്കാം….
കഴിഞ്ഞ മുപ്പത് വർഷമായി യുദ്ധ ദുരന്ത പ്രദേശങ്ങൾ ഉൾപ്പടെ നൂറോളം ലോക രാജ്യങ്ങളിൽ സഞ്ചരിക്കുകയും അവിടുള്ള മലയാളികളെ കാണുകയും യാത്ര അനുഭവങ്ങൾ പങ്കുവെക്കുകയും ഒക്കെ ചെയ്യുന്ന എന്റെ സുഹൃത്ത് മുരളി തുമ്മാരുകുടി യാത്രയെ പറ്റി ഒരു സീരീസ് തുടങ്ങുകയാണ്. എങ്ങനെയാണ് നിങ്ങൾക്ക് ഓരോരുത്തർക്കും സ്വദേശത്തും വിദേശത്തും കൂടുതൽ യാത്ര ചെയ്യാൻ സാധിക്കുന്നത്, അതിനെങ്ങനെ തെയ്യാറെടുക്കണം എന്നതൊക്കെ ആണ് വിഷയം. യാത്ര ഇഷ്ടപ്പെടാത്തവർ ഇല്ലല്ലോ, അത് കൊണ്ട് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത് നഷ്ടമാവില്ല.

2 comments On സ്വിറ്റ്സർലാന്റിലേക്ക് ഒരു ഫ്രീ ടിക്കറ്റ്

Leave a reply:

Your email address will not be published.

Site Footer