ഒരു സംശയമാണ്…
അറിവുള്ളവർ ഉണ്ടെങ്കിൽ പറഞ്ഞു തരണം…
ചോദിക്കുന്നത് മണ്ടത്തരമാണെങ്കിൽ ക്ഷമിച്ചേക്കുക…
ചില മോട്ടോർ ബൈക്കുകളും കാറുകളും അരോചകമായി ഒച്ചയുണ്ടാക്കുന്നത് എന്ത് കൊണ്ടാണ് ?
മോട്ടോർ വാഹനങ്ങളുടെ പ്രത്യേകതകളെ കുറിച്ചോ, ഇതൊക്കെ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ശാസ്ത്രീയമായ കൃത്യമായ ധാരണ ഇല്ലാത്തതു കൊണ്ടാണ് ചോദിക്കുന്നത്.
ഒന്ന് രണ്ടു സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ പറഞ്ഞത് ഇത് മോഡിഫിക്കേഷൻ ആണ്, വണ്ടിയുടെ പെർഫോമൻസ് കൂടും പക്ഷെ ഒച്ചയും കൂടും എന്നാണ്.
ഇങ്ങനെ മോഡിഫൈ ചെയ്ത, ഭയങ്കരമായ ഒച്ചയുണ്ടാക്കുന്ന വണ്ടികൾ അപകടങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതൽ അല്ലെ ?
ഇതൊരു പൊതു ശല്യം അല്ലെ ?
നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയം അല്ലെ ?
കുറച്ചു കാലമായി ഞങ്ങൾ താമസിക്കുന്നത് വൈറ്റിലയിൽ NH ബൈപാസ്സിന് തൊട്ടടുത്ത് ഫ്ലൈ ഓവറിന് സമീപത്തായാണ്. ബൈപാസ്സ് ആണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകൾ ഉണ്ട്, ജംഗ്ഷന് ചുറ്റുപാടും കുറെയധികം വീടുകളും ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും അതിനകത്തെല്ലാം വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യരും ഉണ്ട്.
ഞങ്ങൾ സ്ഥിരം ശ്രദ്ധിക്കുന്ന ഒരു സംഗതി ഉണ്ട്. പാതിരാത്രി കഴിയുമ്പോൾ ഏതാണ്ട് 12-1 മണി സമയത്ത് ഇവിടെ ഫ്ലൈ ഓവേറിന് മുകളിലൂടെയും താഴെ കൂടിയും ഒക്കെ ഇങ്ങനെ പേടിപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടു ചില വണ്ടികൾ പറന്നു പോകുന്നത് കേൾക്കാം/കാണാം.
പലപ്പോഴും ഇത് ആരുടെയൊക്കെയോ ഹോബിയാണ് എന്നാണ് തോന്നിയിട്ടുള്ളത്, കാരണം ഒരു ദിശയിൽ പോയ വണ്ടി ഏതാനും മിനിറ്റുകൾക്ക് ശേഷം തിരിച്ചും പറക്കുന്നത് കാണാം.
ഇതേ പ്രശ്‌നം കേരളത്തിൽ മറ്റെവിടെങ്കിലും ഉണ്ടോ എന്നറിയില്ല, വാഹനങ്ങളുടെ ലോകത്ത് ഇത് സർവ്വസാധാരണമാണോന്നും അറിയില്ല…
പക്ഷെ ഒരു കാര്യം ഉറപ്പാണ്…
ഈ ഒച്ച കേട്ട് രാത്രിയിൽ ഉറക്കം പോകുന്ന…
ഈ പാച്ചിൽ കണ്ടു ഭയപ്പെട്ടുപോകുന്ന…
ചിലരെങ്കിലും ഉണ്ടാകും.
ജീവനുകളും പൊലിയുന്നുണ്ട്…
ഇടപ്പളളി ഒബറോൺ മാളിന് സമീപം കുറച്ചു കാലം മുൻപ് നടന്ന ഒരു ബൈക്ക് അപകടത്തെ കുറിച്ച് പ്രീയപ്പെട്ട സുനിൽ ജലീൽ എഴുതിയ ഒരു ഫേസ്ബുക് പോസ്റ്റുണ്ടായിരുന്നു (പിന്നീടത് പ്രിന്റ് മീഡിയയിൽ വന്നിരുന്നു) സംഭ്രമാത്മകമായ ആ അപകടത്തിൽ ബൈക്ക് യാത്രികന്റെ ബോഡിയിൽ നിന്നും തലയും കയ്യും ഒക്കെ വേർപെട്ടുപോയിരുന്നു, കാണാതെ പോയ ഒരു കൈ കിട്ടിയത് അപ്പുറത്തുള്ള ഒരു മരത്തിന്റെ മുകളിൽ നിന്നുമായിരുന്നു.
(ട്രാഫിക് ഉദ്യോഗസ്ഥനായിരുന്ന എഴുത്തുകാരനും ഫോട്ടോഗ്രാഫറും ഒക്കെ ആയ സുനിലിന്റെ പ്രൊഫൈലിൽ പോയാൽ ഇങ്ങനെ ഭയപ്പെടുത്തുന്ന ഒരുപാട് റോഡ് അപകടങ്ങളുടെ അനുഭവ കുറിപ്പുകൾ വേറെയും വായിക്കാം…)
എന്നിട്ടും…
ഇപ്പോഴും…
റോഡിലെ ഈ മരണപ്പാച്ചിലിനൊരു കുറവുമില്ല…
യാതൊരു നിയന്ത്രണവുമില്ല…
ഇതാ… ഇപ്പോൾ ഞാൻ ഇത് എഴുതുമ്പോഴും എനിക്ക് കേൾക്കാം ബൈപാസിലൂടെ കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ടു പറന്നു പോകുന്ന വണ്ടികൾ… (സ്ഥലം: വൈറ്റില, സമയം രാത്രി 1.10).
ഇത് ആരുടേയും കണ്ണിൽ പെടുന്നില്ലേ ?
ഇതിനെയൊന്നും നിയന്ത്രിക്കാൻ ആരും ഇവിടെയില്ലേ ?
മറ്റാരെയും ശല്യം ചെയ്യാതെ പ്രണയിക്കുന്ന കമിതാക്കളെ “സാമൂഹ്യ വിരുദ്ധർ” ചാപ്പ കുത്തി രാത്രി 10 മണിക്ക് ശേഷം മറൈൻ ഡ്രൈവ് അടപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയ പോലീസും കോർപ്പറേഷനും…
ആളുകളുടെ മനോ നില തെറ്റിക്കുന്ന, ഉറക്കം കെടുത്തുന്ന, ജീവനെ പോലും കെടുത്തിക്കളയുന്ന ഈ നിയമലംഘനം കേൾക്കുന്നില്ലേ ?
കാണുന്നില്ലേ ?
അതോ മനുഷ്യൻ ചത്തുപോയാലും തരക്കേടില്ല…
സ്നേഹിക്കരുത് എന്നാണോ ?
ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമപാലകരോടാണ്…
നിങ്ങൾ ശരിക്കും…
കേരളാ പോലീസാണോ ?
അതോ
സദാചാര പൊലീസോ ?